അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പിന്റെയും ഐസിഎംആറിന്റെയും സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു

news image
Oct 28, 2025, 11:46 am GMT+0000 payyolionline.in

അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേര്‍ന്നുള്ള ഫീല്‍ഡുതല പഠനം ആരംഭിച്ചു.

കോഴിക്കോടാണ് ഫീല്‍ഡുതല പഠനം ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും. ആരോഗ്യ വുപ്പിന്റെ നേതൃത്വത്തില്‍ 2024 ഓഗസ്റ്റ് മാസത്തില്‍ കേരളത്തിലേയും ഐ.സി.എം.ആര്‍., ഐ.എ.വി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ പഠനങ്ങള്‍ നടത്തി വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ ഫീല്‍ഡുതല പഠനം.

അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കും പ്രതിരോധത്തിനും കേരളം ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആദ്യം തന്നെ രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ഇടപെടലുകള്‍ ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. ആഗോള തലത്തില്‍ 99 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 24 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. മസ്തിഷ്‌കജ്വരം ബാധിക്കുന്നവര്‍ക്ക് അമീബിക്ക് മസ്തിഷ്‌ക ജ്വരം പരിശോധനകള്‍ കൂടി നടത്താന്‍ നേരത്തെതന്നെ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. രാജ്യത്തെ തന്നെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്‍പശാല നടത്തി ആദ്യമായി അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനായി പ്രത്യേകം പ്രോട്ടോകോള്‍ പുറപ്പെടുവിച്ചു. ഈ പ്രവര്‍ത്തനങ്ങളിലൂടെ നേരത്തെ രോഗം കണ്ടെത്താനും അനേകം പേരെ ചികിത്സിച്ച് ഭേദമാക്കാനും സാധിച്ചിട്ടുണ്ട്.

 

കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും മൈക്രോബയോളജി വിഭാഗത്തില്‍ അമീബ കണ്ടെത്താനുള്ള സംവിധാനമുണ്ട്. ഇതനുസരിച്ച് ചികിത്സ തുടങ്ങാനാകും. അമീബ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് ഏത് അമീബയാണെന്ന് കണ്ടെത്താനുള്ള സ്പീഷീസ് ഐഡന്റിഫിക്കേഷനും മോളിക്യുലാര്‍ സങ്കേതത്തിലൂടെ അമീബയുടെ രോഗ സ്ഥിരീകരണവും നടത്താനുള്ള സംവിധാനം തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. തോന്നയ്ക്കല്‍ ഐ.എ.വി.യിലും ഇതിനുള്ള സംവിധാനം ഒരുക്കി വരുന്നു. നേരത്തെ പിജിഐ ചണ്ഡിഗഢിലായിരുന്നു അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമായി. 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലാര്‍ സംവിധാനം ഇവിടെ സജ്ജമാണ്. അതേ സമയം രാജ്യത്തെ ഭൂരിഭാഗം ലാബുകളിലും 3 തരം അമീബകളെ മാത്രം കണ്ടെത്താനുള്ള സംവിധാനമാണുള്ളത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗങ്ങള്‍ ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe