അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള ഗുളികയുടെ പരീക്ഷണം വിജയകരം. യു.എസ്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ‘എലി ലില്ലി’യാണ് പരീക്ഷണം നടത്തിയത്. ഇതുകൊണ്ട് ശരീരഭാരത്തിന്റെ ശരാശരി 8% കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹ രോഗികളിലെ ബ്ലഡ് ഷുഗറിന്റെ അളവ് കുറയ്ക്കാനും സാധിച്ചെന്ന് ആണ് കമ്പനിയുടെ അവകാശപ്പെടൽ.
അമിതവണ്ണത്തിന് ചികിത്സിക്കാൻ സെപ്ബൗണ്ട് എന്ന കുത്തിവയ്പ്പ് മരുന്നുകളും പ്രമേഹത്തിന് മൗഞ്ചാരോ , ട്രൂലിസിറ്റി എന്നീ മരുന്നുകളും നിർമ്മിക്കുന്ന ലില്ലി, GLP-1s ന്റെ ഫലപ്രദമായ ഗുളിക രൂപത്തിനായി പരിശ്രമിക്കുന്ന നിരവധി കമ്പനികളിൽ ഒന്നാണ് . ഇതുവരെ ലഭ്യമായ ഒരേയൊരു ഗുളിക കർശനമായ ഭക്ഷണ നിയന്ത്രണങ്ങളോടെയാണ് വരുന്നത്.
ഓർഫോർഗ്ലിപ്രോൺ എന്ന ഗുളികയുടെ ഒട്ടേറെ പരീക്ഷണങ്ങൾ ഇതിനു മുമ്പും നടന്നിരുന്നു. എന്നാൽ, ആദ്യമായാണ് പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായെന്ന് കമ്പനി അവകാശപ്പെടുന്നത്. ശരീരഭാരം കുറയ്ക്കാൻ കാത്തിരിക്കുന്ന നിരവധി ആളുകൾക്ക് സന്തോഷിക്കാൻ കഴിയുമാണ് വാർത്തയാണ് ഇത്.
എലി ലില്ലിയുടെ തന്നെ അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള ‘മൗന്‍ജാരോ’ ഇന്‍ജക്ഷന്‍ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് മരുന്ന് രാജ്യത്ത് പുറത്തിറക്കിയത്.
വർഷാവസാനത്തോടെ ഭാരം നിയന്ത്രിക്കുന്നതിനുള്ള ഓർഫോർഗ്ലിപ്രോണിന്റെ അംഗീകാരത്തിനായി അപേക്ഷിക്കുമെന്നും 2026 ൽ ടൈപ്പ് 2 പ്രമേഹ ചികിത്സയെക്കുറിച്ചുള്ള ഫലങ്ങൾ സമർപ്പിക്കുമെന്നും ലില്ലി പറഞ്ഞു.