അഭിഭാഷകർ ബെൽറ്റ് ഊരിയടിച്ചെന്ന് എസ്.എഫ്.ഐ , വനിതാ അഭിഭാഷകരെ ശല്യം ചെയ്തെന്ന് ബാർ അസോസിയേഷൻ ; കൊച്ചിയിൽ അഭിഭാഷകരും എസ്.എഫ്.ഐക്കാരും തമ്മിൽ ഏറ്റുമുട്ടി, 24 പേർക്ക് പരിക്ക്

news image
Apr 11, 2025, 4:07 am GMT+0000 payyolionline.in

കൊച്ചി: കൊച്ചിയിൽ അർധരാത്രി അഭിഭാഷകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ പൊരിഞ്ഞ തല്ല്. എറണാകുളം ജില്ലാ കോടതി വളപ്പിൽ ഇന്നലെ അർധരാത്രിയാണ് സംഭവം.16 എസ്എഫ്ഐ പ്രവർത്തകർക്കും എട്ട് അഭിഭാഷകർക്കും പരിക്കേറ്റു.

ജില്ലാ ബാർ അസോസിയേഷൻ വാർഷികാഘോഷം നടക്കുന്നതിനിടെയാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. മഹാരാജാസ് കോളജിലെ വിദ്യാർഥികൾ അതിക്രമിച്ച് കടന്ന് അവിടെയുണ്ടായിരുന്ന ഭക്ഷണം കഴിക്കുകയും വനിതാ അഭിഭാഷകരെ ശല്യം ചെയ്യുകയും ചെയ്തുവെന്നും ഇതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. എന്നാൽ, കോളജിൽ യൂനിയന്റെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ‘ഷി ഫെസ്റ്റി’ന്റെ ഒരുക്കങ്ങൾക്ക് എത്തി തിരിച്ചു പോകുകയായിരുന്ന വിദ്യാർഥികളെ അഭിഭാഷകർ മർദിക്കുകയായിരുന്നുവെന്ന് മഹാരാജാസ് യൂനിയൻ ചെയർമാൻ അഭിനന്ദ് ആരോപിച്ചു. അഭിഭാഷകർ മദ്യപിച്ച് കോളജിന് മുന്നിൽ വെച്ച് വിദ്യാർഥികളെ ഉള്‍പ്പെടെ ശല്യം ചെയ്തെന്നും ഇത് ചോദ്യം ചെയ്തതിന്‍റെ പേരിലായിരുന്നു വിദ്യാർഥികളെ ആക്രമിച്ചതെന്നും അഭിനന്ദ് പറഞ്ഞു. അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിന് കാരണമായത്. ബെൽറ്റ് ഉൗരി അടിക്കുകയും ബിയർകുപ്പി കൊണ്ട് അടിക്കുകയും ചെയ്തുവെന്നും എസ്എഫ്ഐക്കാർ പറഞ്ഞു.

ബാർ അസോസിയേഷൻ വാർഷികാഘോഷത്തിന് ഇടയിലേക്ക് മഹാരാജാസ് വിദ്യാർഥികൾ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കി എന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. ഇവ​രെ ഇറക്കി വിട്ടപ്പോൾ കൂടുതൽ പേർ ആയുധങ്ങളുമായി തിരിച്ചെത്തി ആക്രമികുകയായിരുന്നുവെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സംഘർഷം നിയന്ത്രിക്കാൻ എത്തിയ പൊലീസുകാർക്കും പരിക്കേറ്റു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe