തിരുവനന്തപുരം: വെഞ്ഞാറമൂട് അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി അഫാന്റെ മെഡിക്കൽ റിപ്പോർട്ട് പൊലീസിന് കൈമാറി. മാനസികനിലയിൽ പ്രശ്നമില്ലെന്ന് മെഡിക്കൽ കോളേജിലെ മനോരോഗ വിദഗ്ധൻ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. കൊലപാതകവും തുടർന്നുണ്ടായ പ്രശ്‌നങ്ങളും അഫാന്റെ മാനസികനിലയെ ബാധിച്ചിട്ടില്ലെന്നാണ് മെഡിക്കൽ സംഘത്തിന്‍റെ കണ്ടെത്തൽ. രക്തസാംപിളുകളുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ലെങ്കിലും മദ്യം അല്ലാതെ, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്നാണ് ഡോക്ടർമാർ അന്വേഷണസംഘത്തെ അറിയിച്ചത്.
സാമ്പത്തികമായി സഹായിക്കാത്ത ഒരു അമ്മാവനോടും പകതോന്നി കൊലപ്പെടുത്താൻ അഫാൻ ഉദ്ദേശിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കി. മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷഹീദ, പെൺസുഹൃത്ത് ഫർസാന, ഇളയസഹോദരൻ അഫ്‌സാൻ, മാതാവ് ഷെമി എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷം തട്ടത്തുമലയിലെത്തി രണ്ടുപേരെക്കൂടി കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ, അനുജൻ അഫ്‌സാൻ കൺമുന്നിൽ മരിച്ചതോടെ എല്ലാ ധൈര്യവും ചോർന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രി മെഡിക്കൽ സെല്ലിൽ കഴിയുന്ന അഫാനെ തിങ്കളാഴ്ച ജയിലിലേക്കു മാറ്റിയേക്കും. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണിത്. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി അഫാനെ റിമാൻഡ് ചെയ്തിരുന്നു. മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാത്രമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റു നാല് കേസുകളിൽ തിങ്കളാഴ്ച വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തും.