അഫാന്‍റെ നില ഗുരുതരമായി തുടരുന്നു; ആത്മഹത്യശ്രമത്തിൽ ജീവനക്കാർക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

news image
May 27, 2025, 3:26 am GMT+0000 payyolionline.in

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ (23) ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ജീവനക്കാരുടെ സമയോചിത ഇടപെടലാണ് അഫാനെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതെന്നും ജയില്‍ മേധാവിക്ക് നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാകും ജീവനക്കാര്‍ക്കെതിരായ നടപടിയിൽ തീരുമാനം.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്റെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിൽ കഴിയുന്ന അഫാന്റെ നില അതിഗുരുതരമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. തൂങ്ങിമരിക്കാനുള്ള ശ്രമത്തിൽ അഫാന്റെ കഴുത്തിലെ ഞരമ്പുകൾക്ക് മാരകമായി പരിക്കേറ്റിറ്റുണ്ട്. ഇപ്പോൾ അബോധാവസ്ഥയിലാണ്. സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ഡോക്ടർമാർ തീവ്രശ്രമം നടത്തുന്നുണ്ട്. ഓർമശക്തി തിരികെ ലഭിക്കാൻ ചികിത്സ തുടരേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ശാരീരികമായ മറ്റു ബുദ്ധിമുട്ടുകളുമുണ്ടാകും. അഫാന്റെ ആരോഗ്യനില കേസുകളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങാൻ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്. ഓർമശക്തി നഷ്ടമായാൽ വിചാരണയെയും ബാധിക്കും.

അഫാന്റെ കാര്യത്തില്‍ മുമ്പ് ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്നതിനാല്‍ കര്‍ശനമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് അധികൃതര്‍ പറയുന്നു. പ്രത്യേക നിരീക്ഷണം വേണ്ടവരെ പാര്‍പ്പിക്കുന്ന ബ്ലോക്കിലാണ് അഫാനെ താമസിപ്പിച്ചിരുന്നത്. ഒരു സെല്ലില്‍ അഫാനും മറ്റൊരു തടവുകാരനും മാത്രമാണുണ്ടായിരുന്നത്. അഫാനെ നിരന്തരം നിരീക്ഷിച്ച് വിവരം നല്‍കണമെന്ന് സഹതടവുകാരന് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനൊപ്പം ചുമതലയുള്ള ജീവനക്കാരും അഫാന്റെ ഓരോ നീക്കവും നിരീക്ഷിച്ചിരുന്നെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ തടവുകാരുടെ സഹായം തേടാന്‍ ജയില്‍ ചട്ടം അനുവദിക്കുന്നുണ്ട്. അഫാനൊപ്പമുണ്ടായിരുന്ന ആള്‍ ഫോണ്‍ ചെയ്യാന്‍ പോയപ്പോള്‍ അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ടെടുത്ത് ശുചിമുറിയില്‍ കയറി തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അഫാന്റെ അപ്രതീക്ഷിത നീക്കം അപ്പോള്‍ തന്നെ കണ്ടെത്തിയെന്നും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചെന്നും ജയില്‍ ജീവനക്കാര്‍ പറയുന്നു.

ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ സംഭവത്തിന്റെ തീവ്രതയും വ്യാപ്തിയും പരിഗണിച്ചാണ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചോയെന്ന് തീരുമാനിക്കുന്നതെന്ന് ജയില്‍ മുന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറെ സമയത്തിനുശേഷമാണ് സംഭവം ശ്രദ്ധയില്‍പെടുന്നതെങ്കില്‍ ജീവനക്കാര്‍ക്ക് കടുത്ത വീഴ്ചസംഭവിച്ചതായി പരിഗണിക്കും. അഫാന്റെ കാര്യത്തില്‍ പെട്ടെന്നു തന്നെ വിഷയം കണ്ടെത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. അഫാൻ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നെന്ന് ജയിൽ അധികൃതർ പറയുന്നു. വിഷാദരോഗത്തിന് ഡോക്ടർമാരെയും കണ്ടിരുന്നു. ആത്മഹത്യപ്രവണതയും കാട്ടിയിരുന്നു. അതിനാൽ സദാസമയവും ജയിലധികൃതരുടെ നിരീക്ഷണത്തിലായിരുന്നു അഫാൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe