ആലപ്പുഴ: മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ കാറിനുള്ളില്‍ സ്പ്രേയുടെ സാന്നിധ്യം കണ്ടെത്തിയതായി ഫോറന്‍സിക് സംഘം. സ്പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററില്‍ നിന്ന് തീ പടര്‍ന്നതാണോ അപകട കാരണമെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ക്യാബിനില്‍ നിന്ന് തന്നെയാണ് തീയുണ്ടായത് എന്നാണ് നിഗമനം. എന്ജിന് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ തീ പടര്‍ന്നിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കാര്‍ പരിശോധിച്ച ഫോറന്‍സിക് സംഘം വൈകാതെ അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് കൈമാറും.
കഴിഞ്ഞദിവസമാണ് കാറിന് തീ പിടിച്ച് 35കാരന് മരിച്ചത്. മാവേലിക്കര ഗേള്‍സ് സ്കൂളിനു സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടില്‍ കൃഷ്ണ പ്രകാശ് എന്ന കണ്ണനാണ് മരിച്ചത്. രാത്രി 12 മണിയോടെ കാര്‍ വീട്ടിലേക്ക് കയറ്റവെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് വന്ന് തീയണച്ചെങ്കിലും കൃഷ്ണപ്രകാശിനെ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു. സീറ്റ് ബെല്‍റ്റും ഹാന്‍ഡ് ബ്രേക്കും ഇട്ട നിലയിലായിരുന്നു. ഫ്യൂസ് യൂണിറ്റിലോ ബാറ്ററി ടെര്‍മിനലിലോ തകരാറില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.