‘അന്നപൂരണി സിനിമ ശ്രീരാമനെ നിന്ദിച്ചു, മതവികാരം വ്രണപ്പെടുത്തി’: നയൻതാരയ്ക്കെതിരെ പൊലീസ് കേസ്

news image
Jan 11, 2024, 1:05 pm GMT+0000 payyolionline.in

ഭോപാൽ ∙ ‘അന്നപൂരണി’ എന്ന സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ചലച്ചിത്രതാരം നയൻതാരയ്‌ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ്  പൊലീസ്. അന്നപൂരണി ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ്, നെറ്റ്‍ഫ്ലിക്സ് അധികൃതർ എന്നിവർക്കെതിര‌െയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ശ്രീരാമനെ നിന്ദിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ചു, മതവികാരങ്ങൾ വ്രണപ്പെടുത്തി തുടങ്ങിയവ ആരോപിച്ചുള്ള ഹിന്ദു സേവാ പരിഷത്തിന്റെ പരാതിയിലാണ് കേസ്. വിവാദം ഉയർന്നതിനെ തുടർന്ന് സിനിമ നെറ്റ്‌ഫ്ലിക്സ് പിൻവലിച്ചു. നയൻതാര, സംവിധായകൻ നിലേഷ് കൃഷ്ണ, നിർമാതാക്കളായ ജതിൻ സേതി, ആർ.രവീന്ദ്രൻ, നെറ്റ്‌ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് ഹെഡ് മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയാണു കേസ്.

ഇക്കഴിഞ്ഞ ഡിസംബർ ആദ്യമാണ് അന്നപൂരണി തിയറ്ററുകളിലെത്തിയത്. ഡിസംബർ അവസാനം നെറ്റ്‌ഫ്ലിക്സ് വഴി ചിത്രം പ്രദർശനം തുടങ്ങിയതോടെയാണ് വ്യാപക വിമർശനങ്ങളും പരാതികളും ഉയർന്നത്. നയൻതാരയ്‌ക്കും മറ്റുള്ളവർക്കുമെതിരെ മുംബൈയിൽ ബജ്റങ്ദൾ, ഹിന്ദു ഐടി സെൽ എന്നിവരും പരാതികൾ നൽകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe