വെള്ളറട: അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനെ ഒഡിഷയില്‍നിന്ന് വെള്ളറട പൊലീസ് പിടികൂടി. കല്ലറ തണ്ണിയം കുഴിവിളവീട്ടില്‍ അനീസ് എന്ന ജാഫറാണ്(37) പിടിയിലായത്. ഇയാൾ ഏറെക്കാലമായി ഒഡിഷയിലെ കൊറപുട് ജില്ലയില്‍ പാടുവ പൊലീസ് സ്റ്റേഷന് പരിധിയിലെ ബാല്‍ഡ ഗ്രാമത്തില്‍ താമസിച്ചുവരുകയായിരുന്നു. ഒഡിഷയിലെ മാവോവാദി സ്വാധീനമുള്ള വനമേഖലയില്‍ കഞ്ചാവ് കൃഷിചെയ്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോഡ് കണക്കിന് എത്തിക്കുന്ന സംഘത്തിന്റെ തലവനാണിയാൾ.
പൊലീസ് പിടികൂടാതിരിക്കാന്‍ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയായിരുന്നു പണമിടപാടുകള്‍. സമൂഹമാധ്യമവും മൊബൈൽ ഫോണും ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ വെള്ളറട ആറാട്ട്കുഴിയില്‍ നടന്ന വാഹന പരിശോധനയിൽ 47 കിലോ കഞ്ചാവുമായി അഞ്ചുപേർ പൊലീസ് പിടിയിലായിരുന്നു. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് ഇവര്‍ ജാഫറിന്റെ പേര് പറഞ്ഞത്. പിടിയിലായ അഞ്ചുപേരും ഇപ്പോഴും ജയിലിലാണ്.
പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ ജാഫറിനെതിരെ പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളില്‍ വിവിധ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസമായി അന്വേഷണസംഘം ഇയാളുടെ പിന്നാലെയായിരുന്നു. ഒഡിഷയിലെ ജാഫറിന്റെ പ്രാദേശികബന്ധം ഇയാളിലേക്ക് എത്തിച്ചേരാന്‍ പൊലീസിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. രണ്ട് പ്രാവശ്യം കേരള പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ ഇയാള്‍ മാവോവാദി സ്വാധീനമുള്ള വനമേഖലയിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ബാല്‍ഡ ഗ്രാമത്തില്‍ എത്തിയ പൊലീസ് സംഘം ഒഡിഷ പൊലീസിനെ പോലും അറിയിക്കാതെ ദിവസങ്ങളോളം തങ്ങിയാണ് അതിസാഹസികമായി ഇയാളെ അറസ്റ്റ് ചെയ്തത്.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തില്‍ വെള്ളറട സബ് ഇന്‍സ്പെക്ടര്‍ റസല്‍രാജ്, സി.പി.ഒ ഷൈനു, ഡാൻസാഫ് സബ് ഇന്‍സ്പെക്ടര്‍ ബിജുകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സതികുമാര്‍, എസ്.സി.പി.ഒ അനീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.