അതിർത്തിയിലെ സംഘർഷാവസ്ഥയിൽ മുംബൈയിൽ വ്യാജ മുന്നറിയിപ്പുകളിൽ പരിഭ്രാന്തരായി ജനങ്ങൾ. ഇന്ത്യാ പാക് അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടയിലാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ മുന്നറിയിപ്പുകൾ വ്യാപകമായിരിക്കുന്നത്. പണം, മരുന്നുകൾ, ഇന്ധനം, അവശ്യവസ്തുക്കൾ എന്നിവ സംഭരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഓൺലൈനിൽ പ്രചരണം നടക്കുന്നത്. ഇതോടെ പെട്രോൾ പമ്പുകളിലും മാളുകളിലും പലചരക്ക് കടകളിലും വലിയ തിരക്കാണ് പലയിടത്തും റിപ്പോർട്ട് ചെയ്യുന്നത്.
ഇത് പൂർണ്ണമായും തെറ്റാണെന്ന് അധികാരികൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ അത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പരിഭ്രാന്തി പരത്തുന്ന തെറ്റായ വിവരങ്ങൾക്ക് ഇരയാകരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കെട്ടിച്ചമച്ച “ഉപദേശ അറിയിപ്പ്”, തയ്യാറെടുപ്പ് നിർദ്ദേശത്തിന്റെ മറവിൽ 50,000 രൂപ പണം, പൂർണ്ണമായും ഇന്ധനം നിറച്ച വാഹനം, രണ്ട് മാസത്തേക്കുള്ള മരുന്നുകൾ, ബാക്കപ്പ് പവർ സ്രോതസ്സുകൾ എന്നിവയുൾപ്പെടെ അടിയന്തര ഇനങ്ങളുടെ വിശദമായ പട്ടികയാണ് സാധാരണക്കാരെ പരിഭ്രാന്തിയിലാക്കിയത്. സൈബർ അക്രമം എ ടി എം തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളെ ബാധിക്കുമെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. ഇതിൽ ഔദ്യോഗിക ലോഗോ, ഏജൻസി ആട്രിബ്യൂഷൻ അല്ലെങ്കിൽ ആധികാരികത എന്നിവ അടങ്ങിയിട്ടില്ലെന്നും ശ്രദ്ധേയമാണ്. എന്നിരുന്നാലും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ നൽകിയ മുന്നറിയിപ്പുകളുടെ ചുവട് പിടിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.