അതിർത്തിയിലെ സംഘര്‍ഷത്തെ തുടർന്ന് താത്കാലികമായി അടച്ചിരുന്നു രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ പ്രവർത്തനം പുനരാരംഭിക്കുന്നു. വിമാനത്താവളങ്ങളിലേക്കുള്ള യാത്രാ വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ 32 എയര്‍പോര്‍ട്ടുകള്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് മെയ് ഒമ്പതിനാണ് താത്കാലികമായി പ്രവർത്തനം പുനരാരംഭിച്ചത്.ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും നാളെ മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് സുഗമമായി മടങ്ങുന്നത് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ മൂന്നു ദിവസത്തിന് ശേഷമാണ് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്. യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനസര്‍വീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.