അതിശക്ത മഴ തുടരുന്നു; വയനാട്ടിൽ വനപാതയിൽ കുടുങ്ങിയ 500 ഓളം പേരെ രക്ഷപ്പെടുത്തി, വ്യാപക മഴക്കെടുതി

news image
Jul 19, 2024, 4:06 am GMT+0000 payyolionline.in
വയനാട്: കനത്ത മഴയിൽ സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി തുടരുന്നു. വയനാട് പൊൻകുഴി ഭാ​ഗത്ത് ദേശീയ പാത 766 ലെ വെള്ളക്കെട്ട് കാരണം മുത്തങ്ങ വനമേഖലയിൽ കുടുങ്ങി കിടന്നിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു. വനമേഖയിൽ കുടുങ്ങിയ 500 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. കനത്ത മഴയ്ക്കിടെ ആയിരുന്നു പൊലീസിൻ്റെയും ഫയർ ഫോഴ്സിൻ്റെയും രക്ഷാ ദൗത്യം. കെഎസ്ആര്‍ടിസി ബസുകൾ, ലോറികൾ, കാറുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളിലായി അഞ്ഞൂറോളം പേരാണ് വനമേഖലയിൽ ഉണ്ടായിരുന്നത്. വയനാട് രാത്രി മഴയുണ്ടായിരുന്നെങ്കിലും രാവിലെ ശമനമുണ്ട്. വയനാട്ടിൽ 682 കുടുംബങ്ങളിൽ നിന്നായി 2281 പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്.

കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും മഴക്കെടുതികൾ തുടരുന്നു. കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ അധിക ജലം തുറന്നു വിടാൻ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയർന്നു. ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു.ഇന്നലെയുണ്ടായ മഴയില്‍ വെള്ളം കയറിയും മരങ്ങള്‍ വീണും മണ്ണിടിഞ്ഞും മറ്റുമായി 21 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പല സ്ഥലത്തും തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല.

ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് വെള്ളം കയറിയ മാവൂർ കൂളിമാട് ചേന്ദമംഗലൂർ റോഡിൽ ഗതാഗതം പുനസ്ഥാപിക്കാനായില്ല. ഇതു വഴിയുള്ള ഗതാഗതം നാട്ടുകാർ ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ചാലിയാറിലും ജലനിരപ്പ് ഉയർന്നു. മാവൂരിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe