അതിജീവിതക്കായി മികച്ച അഭിഭാഷകരെ നിയമിച്ചിരുന്നുവെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു; വിധി ദിലീപിന് അനുകൂലമാകുമെന്ന് നേരത്തെ ​കരുതി -ലിബർട്ടി ബഷീർ

news image
Dec 8, 2025, 9:58 am GMT+0000 payyolionline.in

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപി​നെ വെറുതെ വിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി നിരാശാജനകമെന്ന് നിർമാതാവും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍. എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കുകയും, ഒന്ന് മുതൽ ആറ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്ത വിധിക്കു പിന്നാലെയാണ് കേസിൽ അതിജീവിതക്കൊപ്പം നിലകൊണ്ട ലിബർട്ടി ബഷീർ പ്രതികരിച്ചത്.

വിചാരണ സമയത്ത് അതിജീവിത നേരിട്ടിരുന്ന അനുഭവങ്ങളിൽ നിന്ന് തന്നെ വിധി ദിലീപിന് അനുകൂലമാകുമെന്ന് കരുതിയതാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ നിന്നും അവർ കണ്ണീരോടെ ഇറങ്ങി വരുന്നത് കണ്ടിരുന്നു. ഒമ്പത് വർഷം അതിജീവിതക്കു വേണ്ടി വാദിച്ചയാളാണ് ഞാൻ. വിചാരണ സമയത്ത് അതിജീവിതക്ക് നേരിട്ട അനുഭവങ്ങളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു കേസിൽ ദിലീപിന് അനുകൂലമായി വിധിവരുമെന്ന്.

കേസി​ന്റെ ആദ്യ ഘട്ടം മുതൽ സ്വന്തം നിലയിൽ മികച്ച അഭിഭാഷകരെ നിയമിച്ചിരുന്നുവെങ്കിൽ കേസിലെ വിധി മറ്റൊന്നാകുമായിരുന്നു. കോടതിയിൽ നിന്നുള്ള കുറ്റവിചാരണയും അതിജീവിതക്ക് ഒഴിവാക്കാമായിരുന്നു. സർക്കാർ മേൽകോടതിയിൽ അപ്പീലിന് പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe