അടുത്ത അഞ്ച് ദിവസവും മഴ തന്നെ! കൂടുതൽ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്, പുതുക്കിയ മഴ സാധ്യത പ്രവചനമിങ്ങനെ

news image
May 15, 2024, 10:27 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചക്ക് പുറത്തിറക്കിയ മഴ സാധ്യത പ്രവചനം പ്രകാരം അടുത്ത അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ള യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ മഴ പെയ്തേക്കുമെന്നാണ് പ്രവചനം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ വരെ മൂന്ന് ജില്ലകളില്‍ മാത്രമായിരുന്നു യെല്ലോ അലര്‍ട്ട്. 24 മണിക്കൂറിൽ 64.5  മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മെയ് 19ന്ചില ജില്ലകളിൽ മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഓറഞ്ച് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

15-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
16-05-2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം
17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
18-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
19-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം.

തെക്കൻ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തെക്കൻ കേരള തീരത്ത് ഇന്നും നാളെയും (15.05.2024,16.05.2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, ലക്ഷദ്വീപ് പ്രദേശത്തും, കർണാട തീരത്തും  മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 15.05.2024, 16.05.2024 തീയതികളിൽ തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിർദേശം

15.05.2024 ,16.05.2024: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തമിഴ്‌നാട് തീരം, തെക്കൻ കേരള തീരം, തെക്കൻ ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കാലവര്‍ഷം

കാലവർഷം മെയ്‌ 19ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു.  ചക്രവാതചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു. തെക്കൻ കർണാടകക്ക് മുകളിൽ നിന്ന് വിദർഭയിലേക്ക് മറ്റൊരു ന്യുനമർദ്ദപാത്തിയും രൂപപെട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe