ന്യൂഡൽഹി: അടിയന്തരമായി കേസ് പരിഗണിക്കാനുള്ള അപേക്ഷ ഇനി മുതൽ ഇ-മെയിൽ വഴി നൽകണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. വാക്കാലുള്ള ആവശ്യം പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അത്തരം കേസുകൾക്കായി അഭിഭാഷകർ ഇ-മെയിൽ വഴിയോ രേഖാമൂലമുള്ള കത്തുകൾ വഴിയോ അഭ്യർഥനകൾ സമർപ്പിക്കണം. അതിനുള്ള കാരണവും വ്യക്തമാക്കണം. നേരത്തേ, അഭിഭാഷകർ ചീഫ് ജസ്റ്റിസിനു മുന്നിൽ വാക്കാൽ അഭ്യർഥന നടത്തുകയായിരുന്നു പതിവ്. ആ രീതിക്കാണ് പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് മാറ്റം വരുത്തിയിരിക്കുന്നത്. ‘ഇനി രേഖാമൂലമോ വാക്കാലുള്ളതോ ആയ പരാമർശങ്ങളൊന്നുമില്ല. ഇ-മെയിലുകളോ എഴുതിയ അപേക്ഷകളോ മാത്രമേ സ്വീകരിക്കുകയുള്ളൂ. അടിയന്തര ആവശ്യത്തിന്റെ കാരണങ്ങളും പറയണം’. ചീഫ് ജസ്റ്റിസ് പറഞ്ഞു.
തിങ്കളാഴ്ചയാണ് രാഷ്ട്രപതി ഭവനിൽ ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി ദ്രൗപതി മുർമ്മുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജ്ജു, ഊർജമന്ത്രി മനോഹർലാൽ ഖട്ടാർ, മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു.