അടിമാലിയിൽ അതിക്രൂരമായ ആക്രമണം: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി, പ്രതി പൊലീസ് പിടിയിൽ

news image
Jul 24, 2023, 5:39 am GMT+0000 payyolionline.in

അടിമാലി: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയിൽ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ് വിജയരാജ്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് വിവരം. ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജങ്ഷനിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വിജയരാജിന്റെ കൈപ്പത്തിൽ 80 ശതമാനം അറ്റുപോയി. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേർത്തു. വിജയരാജ് അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

കേസിൽ പൊലീസ് പിടിയിലായ പ്രതി ബിനു

ഇരുവരും തമ്മിൽ നേരത്തെ തന്നെ തർക്കം ഉണ്ടായിരുന്നുവെന്നാണ് പ്രദേശത്ത് നിന്ന് ലഭിക്കുന്ന വിവരം. വിജയരാജ് സഞ്ചരിച്ച വാഹനം തടഞ്ഞ് നിർത്തിയായിരുന്നു ബിനു ആക്രമണം നടത്തിയത്. വിജയരാജ് വാഹനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ബിനു ആക്രമിക്കുകയായിരുന്നു. വിജയരാജിനൊപ്പം ഈ സമയത്ത് സഹോദരി പുത്രൻ അഖിലും ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ വിജയരാജിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

ബിനു പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. അതേസമയം രണ്ട് സ്ത്രീകളാണ് ഇന്നലെ വണ്ടിക്ക് കൈ കാണിച്ച് നിർത്തിയതെന്നും വിജയരാജ് ഇറങ്ങിച്ചെന്ന ഉടൻ ഒപ്പമുണ്ടായിരുന്ന ബിനു വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്നും വിജയരാജിന്റെ മരുമകൻ അഖിൽ പറഞ്ഞു. സഹായത്തിനായി അപേക്ഷിച്ചിട്ടും ആരും വാഹനം നിർത്തിയില്ലെന്നും താൻ തന്നെ കാറിൽ കയറ്റി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും അഖിൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe