അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജീവിച്ച പെൺകുട്ടിയാണ് ഇര, ആ അമ്മയുടെ കണ്ണീര്‍ മറക്കില്ല: ബി സന്ധ്യ

news image
May 20, 2024, 10:42 am GMT+0000 payyolionline.in

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ അന്നത്തെ മുൻ ഡിജിപി ബി സന്ധ്യ. ഒരുപാട് പണിപ്പെട്ടാണ് ചിതറിക്കിടന്ന തെളിവുകളും, ശാസ്ത്രീയ പരിശോധനാ ഫലങ്ങളും, സൈബര്‍ തെളിവുകളും, ദൃക്സാക്ഷി മൊഴികളുമെല്ലാം ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചതെന്നും ബി സന്ധ്യ.

അടച്ചുറപ്പില്ലാത്തൊരു വീട്ടില്‍ ജീവിച്ചതോടെയാണ് ആ പെൺകുട്ടി ബലാത്സംഗത്തിനും കൊലപാതകത്തിനും  ഇരയാകുന്നത്, ആ അമ്മയുടെ കണ്ണീര്‍ മറക്കാൻ കഴിയില്ല, തങ്ങള്‍ അന്വേഷണം ഏറ്റെടുത്തപ്പോഴേക്കും തെളിവുകളില്‍ പലതും ലാബുകളിലെത്തിയിരുന്നു, എല്ലാം ഏകോപിപ്പിച്ചെടുത്തു, ദൃക്സാക്ഷികളെ കണ്ടെത്തി, സംശയങ്ങളുണ്ടായപ്പോള്‍ പുസ്തകങ്ങള്‍ റഫര്‍ ചെയ്തും വിദഗ്ധരുമായി ചര്‍ച്ച നടത്തിയും ഉത്തരങ്ങള്‍ കണ്ടെത്തി, ശശിധരൻ- സോജൻ- സുദര്‍ശൻ- ഉണ്ണിരാജൻ എന്നിങ്ങനെ പലരും ഒരുപാട് സഹായിച്ചു, പൊലീസുകാര്‍ നല്ലതുപോലെ പ്രവര്‍ത്തിച്ചു, പ്രോസിക്യൂഷൻ അഡ്വ ഉണ്ണികൃഷ്ണൻ കഠിശ്രമം നടത്തി, അങ്ങനെ കൃത്യമായ ഹോംവര്‍ക്കിന്‍റെ ഭാഗമായാണ് ഈ ഫലംകിട്ടിയതെന്നും ബി സന്ധ്യ.

വധശിക്ഷ വേണോ വേണ്ടയോ എന്ന ചര്‍ച്ചയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല, എന്നാല്‍ അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത പ്രതികളെ നിയമവ്യവസ്ഥയുടെ മുന്നിലെത്തിക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കുകയാണെന്നും ബി സന്ധ്യ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe