മുംബൈ: അജ്മൽ കസബിന്റെ സഹോദരൻ എന്ന് അവകാശപ്പെട്ട് ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്. പൊലീസിന്റെ ടോൾ ഫ്രീ നമ്പറായ 100ൽ വിളിച്ചായിരുന്നു ഭീഷണി.
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ മുലുന്ദ് റെയിൽവേ സ്റ്റേഷൻ മേഖലയിൽ നിന്നാണ് കോളെത്തിയതെന്ന് വ്യക്തമായി. അതിവേഗത്തിൽ ഇടപ്പെട്ട പൊലീസ് പ്രദേശശത്ത് നിന്ന് പിയുഷ് ശിവനാഥ് എന്ന യു.പി സ്വദേശിയെ അറസ്റ്റ് ചെയ്തു.
ഏപ്രിൽ ഒന്നാം തീയതി പുലർച്ചെ 1.07ഓടെയായിരുന്നു കോൾ ലഭിച്ചത്. ഫോണെടുത്ത ഉദ്യോഗസ്ഥനോട് മുംബൈ ഭീകരാക്രമണ കേസ് പ്രതി കസബിന്റെ സഹോദരനാണെന്നും പൊലീസ് കൺട്രോൾ റൂമിൽ ബോംബ് വെച്ചിട്ടുണ്ടെന്നുമായിരുന്നു സന്ദേശം.
ഉടൻ തന്നെ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ഉന്നത പൊലീസ് വൃത്തങ്ങളെ അറിയിച്ചു. പിന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിൽ മുലുന്ദ് റെയിൽവേ സ്റ്റേഷൻ മേഖലയിൽ ഇയാളുണ്ടെന്ന് കണ്ടെത്തി.