മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ഒരു പൈലറ്റ് ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ട ബാരാമതി വിമാനാപകടത്തിൽ തകർന്ന വിമാനം 2023 ലും അപകടത്തിൽപ്പെട്ടിരുന്നു. വിഎസ്ആർ വെഞ്ച്വേഴ്സിന്റെ ഉടമസ്ഥതയിലുള്ള ലിയർജെറ്റ് 45 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
2023 സെപ്റ്റംബറിലും ലിയർജെറ്റ് 45 വിമാനം അപകടത്തിൽപ്പെട്ടിരുന്നു. കനത്ത മഴയ്ക്കിടയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് 2023 ൽ മുംബൈ വിമാനത്താവളത്തിൽ വിമാനം അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയാണ് അന്ന് വിമാനം അപകടത്തിൽപ്പെട്ടത്.
ബാരാമതിയിലെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെത്തുടർന്ന് വിമാനത്തിന് തീപിടിക്കുകയും ചെയ്തു. ഒരു പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനായാണ് മുംബൈയിൽ നിന്ന് അജിത് പവാർ ബാരാമതിയിലേക്ക് എത്തിയത്.
പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡെ എന്നിവരുടെ മന്ത്രിസഭകളിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുകയും മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തിയുമാണ് അജിത് പവാർ.
