പത്തനംതിട്ട: വലഞ്ചുഴിയിൽ അച്ചൻകോവിലാറ്റിൽ വീണ ഒമ്പതാം ക്ലാസുകാരി മരിച്ചു. അഴൂർ സ്വദേശി ആവണി (15) ആണ് മരിച്ചത്. നേരത്തെ പെൺകുട്ടി കാൽവഴുതി വീണെന്നായിരുന്നു വിവരമെങ്കിലും, കുട്ടി ചാടിയതാണെന്ന സംശയത്തിലാണ് പൊലീസ്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.
വലഞ്ചുഴി ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ഉത്സവം കാണാൻ എത്തിയതായിരുന്നു ആവണി. ക്ഷേത്രത്തിനു സമീപത്തെ പാലത്തിൽ അച്ഛനമ്മമാരോട് സംസാരിച്ചു നിൽക്കേ പെൺകുട്ടി അച്ചൻകോവിലാറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂടെയുണ്ടായിരുന്ന അച്ഛനും ബന്ധുവും ഉടനെ ചാടി തിരഞ്ഞെങ്കിലും കിട്ടിയില്ല.
പിന്നീട് ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടി ചാടിയെന്ന് പൊലീസ് സംശയിക്കുന്നത്. അച്ഛനമ്മമാരുടെ ഉൾപ്പെടെ മൊഴിയെടുത്ത ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.