അങ്കണവാടിയിൽ ‘ബിർനാണിയും പൊരിച്ച കോഴിയും’, ശങ്കുവിന്‍റെ വീഡിയോ മന്ത്രി കണ്ടു, മെനു പരിഷ്കരിക്കുമെന്ന് ഉറപ്പ്

news image
Feb 4, 2025, 5:41 am GMT+0000 payyolionline.in

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്  മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആ മകന്‍ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണെന്ന് മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ അങ്കണവാടികളില്‍ പലതരം ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ശങ്കുവിനും അമ്മയ്ക്കും അങ്കണവാടി ജീവനക്കാര്‍ക്കും മന്ത്രി സ്‌നേഹാഭിവാദ്യങ്ങള്‍ അറിയിച്ചു.

രണ്ട് ദിവസം മുമ്പാണ് അം​ഗൻവാടിയിലെ പ്രധാന ഭക്ഷണമായ ഉപ്പുമാവ് മാറ്റണമെന്ന കുരുന്നിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.  ജനുവരി 30നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അംഗന്‍വാടിയിലെ ഉപ്പുമാവ് മാറ്റി, ബിരിയാണിയും പൊരിച്ച കോഴിയുമാക്കണമെന്നാണ് കുരുന്നിന്‍റെ ആവശ്യം. വളരെ രസകരമായിട്ടാണ് കുട്ടിയിതാവശ്യപ്പെടുന്നത്. വീഡിയോ ലക്ഷങ്ങള്‍ കണ്ടു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും കുട്ടി വൈറലായി. കുട്ടിയുടെ ആവശ്യം ന്യായമാണെന്നും നടപടിയുണ്ടാകണമെന്നും നിരവധിപേര്‍ കളിയായി കമന്‍റ് ചെയ്തിരുന്നു. ബന്ധപ്പെട്ടവര്‍ കുട്ടിയുടെ ആവശ്യം പരിഗണിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതിന് പിന്നാലെയാണ് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe