മുംബൈ: ബാന്ദ്രയിലെ വീട്ടിൽ വെച്ച് ഗുരുതരമായി കുത്തേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ അപകടനില പൂർണമായും തരണം ചെയ്തു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് നടൻ ചികിത്സയിലുള്ളത്. ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 20 അംഗ പൊലീസാണ് അക്രമത്തെ കുറിച്ച് അന്വേഷിക്കുന്നത്. ആറുതവണയാണ് അക്രമി സെയ്ഫിനെ കുത്തിപ്പരിക്കേൽപിച്ചത്. അതിൽ രണ്ടുമുറിവുകൾ ആഴത്തിലുള്ളതായിരുന്നു.
സ്പൈനൽ കോഡിനേറ്റ പരിക്കിനെ തുടർന്ന് ഫ്ലൂയിഡ് ലീക്കായിരുന്നു. തുടർന്ന് ഡോക്ടർമാർ പരിക്ക് ഭേദമാക്കാനായി ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി. നട്ടെല്ലിനു സമീപത്തു നിന്ന് കത്തിയുടെ 2.5 ഇഞ്ച് നീളമുള്ള ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കിയതായി ഡോക്ടർമാർ അറിയിച്ചു. നടന്റെ കഴുത്തിനും കൈക്കും പ്ലാസ്റ്റിക് സർജറിയും നടത്തി. ഭാര്യയും നടിയുമായ കരീന കപൂറും മക്കളും ജോലിക്കാരും സംഭവ സമയം വീട്ടിലുണ്ടായിരുന്നു. മോഷണത്തിനായാണ് അക്രമി എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. 30 മിനിറ്റ് നീണ്ട പരിശ്രമത്തിനു ശേഷമാണ് അക്രമിക്ക് സെയ്ഫിന്റെ വീട്ടിലേക്ക് കടക്കാനായതെന്ന് പൊലീസ് സംഘം പറഞ്ഞു. കരീനയുടെയും സെയ്ഫിന്റെയും മകനായ ജെഹിന്റെ മുറിയിലേക്കാണ് അക്രമി ആദ്യം എത്തിയത്. ജെഹിന്റെ നാനി ഏലിയാമ്മ ഫിലിപ്പും ആ സമയത്ത് മുറിയിലുണ്ടായിരുന്നു. ”കുളിമുറിയുടെ വാതിൽ തുറന്ന് ലൈറ്റ് ഓൺ ചെയ്യുന്നത് കണ്ടു… കരീന മകനെ നോക്കാൻ വന്നതായിരിക്കുമെന്ന് ആദ്യം കരുതി. അതിനു ശേഷം ഞാൻ ഉറങ്ങാൻ പോയി. എന്തോ കുഴപ്പമുണ്ടെന്ന് മനസ് പറഞ്ഞു. ഒരാൾ വരുന്നത് കണ്ടപ്പോൾ നോക്കാനായി വീണ്ടും എഴുന്നേറ്റു. ബാത്റൂമിൽ നിന്ന് ഒരാൾ പുറത്തിറങ്ങി ജെഹിന്റെയും തൈമൂറിന്റെയും മുറിയിലേക്ക് പോകുന്നത് കണ്ടു”. നാനി വിവരിച്ചു. അക്രമിയെ നാനി നേരിട്ടു. എന്നാൽ മിണ്ടരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. വടിയും കത്തിയുമുണ്ടായിരുന്നു അയാളുടെ കൈയിൽ. അയാൾ ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടത്.
അക്രമി 55 കാരിയായ നാനിയെയും ആക്രമിച്ചു. ഇവർ മലയാളിയാണ്. നാലുവർഷമായി സെയ്ഫിന്റെ കുടുംബത്തിനൊപ്പമുണ്ട്. അവരുടെ കൈകൾക്കും മണിബന്ധത്തിനുമാണ് കുത്തേറ്റത്. മറ്റൊരു നാനിയും ആ സമയത്ത് അതേ മുറിയിലുണ്ടായിരുന്നു. അവർ ഉടൻ തന്നെ സെയ്ഫ് അലി ഖാനെ വിവരമറിയിച്ചു. അക്രമിയെ തടയാൻ ശ്രമിക്കുമ്പോഴാണ് സെയ്ഫിനെ കുത്തേറ്റത്. ഉടൻ തന്നെ അക്രമി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ഇയാളെ ബാന്ദ്ര റെയിൽവേ സ്റ്റേഷൻ പരിസരത്തും കണ്ടു. വ്യാഴാഴ്ച പുലർച്ചെ 2.30 നാണ് സംഭവം നടന്നത്. രാത്രി തന്നെ അക്രമി വീട്ടിൽ കയറിപ്പറ്റിയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.
അതിസമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബാന്ദ്ര വെസ്റ്റിൽ സെന്റ് തെരേസാ സ്കൂളിനു സമീപമുള്ള സദ്ഗുരു ശരൺ എന്ന 13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളിലാണ് സെയ്ഫും കുടുംബവും താമസിക്കുന്നത്. അക്രമി വീട്ടിലേക്ക് കയറിയത് തീപിടുത്തമുണ്ടായാൽ രക്ഷപ്പെടാനുള്ള ഗോവണി വഴിയാണ്. പുലർച്ചെ 2.33ഓടെ ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. അതീവ സുരക്ഷയുള്ള വീട്ടിലേക്ക് അക്രമി എങ്ങനെ എത്തിയെന്നതാണ് ഇപ്പോഴും പിടികിട്ടാത്ത ചോദ്യം.