സ്വകാര്യ പാഴ്സൽ കമ്പനിയുടെ ഓഫീസിൽനിന്ന് ഓൺലൈനായി എത്തിച്ച ഉഗ്രശേഷിയുള്ള പടക്കം വാഹന സഹിതം പിടികൂടി

news image
Feb 19, 2024, 9:13 am GMT+0000 payyolionline.in

വടകര∙ സ്വകാര്യ പാഴ്സൽ കമ്പനിയുടെ ഓഫിസിൽ നിന്ന് ഓൺലൈനായി എത്തിച്ച ഉഗ്രശേഷിയുള്ള പടക്കം വാഹനം സഹിതം പിടികൂടി. പാർസൽ ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി യാസിം (55) നെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര കരിമ്പനപ്പാലത്തെ നോവ പാഴ്സൽ സർവീസിൽ ഇറക്കാൻ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്. ശിവകാശിയിലെ കണ്ണൻ ക്രേക്കേഴ്സ് എന്ന സ്ഥാപനത്തിൽ നിന്നുള്ള പടക്കമാണ് പാഴ്സൽ വാഹനത്തിൽ എത്തിയത്. 2 കാർട്ടൻ പടക്കമാണ് വടകരയിൽ ഇറക്കാനിരുന്നത്. തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് ഭാഗത്തേക്ക് ഉള്ള പടക്കങ്ങളും വാഹനത്തിൽ ഉണ്ടായിരുന്നു.

പൊലീസ് വരുന്നത് കണ്ട് ഇറക്കിയ പടക്കങ്ങൾ വണ്ടിയിൽ തന്നെ കയറ്റി കടന്നു കളയാൻ ശ്രമം നടന്നു. വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നും കണ്ടെത്തി. വാഹനത്തിന്റെ മുന്നിലും പിന്നിലും വ്യത്യസ്ത നമ്പറുകളാണ് ഉണ്ടായിരുന്നത്. പരാതി പ്രകാരം ഇതിനെതിരെ ആർടിഒ അന്വേഷണം ആരംഭിച്ചു. വില കുറച്ചു കാട്ടി ജിഎസ്ടി വെട്ടിച്ചതിന് ജിഎസ്ടി വിഭാഗവും അന്വേഷിക്കുന്നുണ്ട്. പടക്കം ഓൺലൈനായി വിൽപന നടത്താൻ പാടില്ല എന്ന് 2018ൽ സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. അതിന്റെ ലംഘനമാണ് നടന്നിട്ടുള്ളത് എന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ മാനദണ്ഡം പാലിക്കാതെ ഉഗ്രശേഷിയുള്ള പടക്കങ്ങൾ മറ്റ് സാധനങ്ങൾക്ക് ഒപ്പം പാഴ്സൽ ചെയ്തതിനും കേസ് എടുക്കും.

കഴിഞ്ഞ വർഷവും ഇതേ പാഴ്സൽ സർവീസിൽ നിന്നു പടക്കങ്ങൾ പിടികൂടിയിരുന്നു.  ഇതുസംബന്ധിച്ച് കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ് എന്ന് ഫയർ വർക്കേഴ്സ് ഡീലേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി ബാലൻ കമ്പിനിക്കുനി അറിയിച്ചു. താലൂക്ക് പ്രസിഡന്റ് വൈഗ ഷിജീഷിന്റെ ജാഗ്രതയാണ് പടക്കങ്ങൾ  പിടികൂടാൻ ഇടയാക്കിയത്. വാഹനം പടക്കം സഹിതം പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ലോറിയിൽ നിന്ന് 128  കിലോ ഗ്രാം പടക്കങ്ങൾ കണ്ടെടുത്തു. ഇവ വടകരയ്ക്ക് പുറമേ മറ്റ് സ്ഥലങ്ങളിലേക്കും ഉള്ളവയാണ്. പ്രിൻസിപ്പൽ എസ്ഐ: മുരളീധരൻ, എസ്ഐ: മോഹനൻ എന്നിവർ ചേർന്നാണ് പടക്കം പിടികൂടിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe