സീറ്റ് കിട്ടാത്തതിലുള്ള മനോവിഷമം; ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് എംപി അന്തരിച്ചു

news image
Mar 28, 2024, 6:01 am GMT+0000 payyolionline.in

ചെന്നൈ: ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് എംപി ​ഗണേശമൂർത്തി അന്തരിച്ചു. എംഡിഎംകെ എംപിയായ ​ഗണേശമൂർത്തി ഇന്ന് പുലർച്ചെയാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് അബോധാവസ്ഥയിൽ ​ഗണേശമൂർത്തിയെ മുറിയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് 76കാരനായ ​ഗണേശമൂർത്തി മരണത്തിന് കീഴടങ്ങിയത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈറോഡിൽ നിന്നാണ് എംപി ജനവിധി തേടിയത്. മാർച്ച് 24 ന് അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് എംപിയെ കുടുംബാംഗങ്ങൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ​ഗുരുതരാവസ്ഥയിലായിരുന്ന ​ഗണേശമൂർത്തിയെ പിന്നീട് ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായി ഉറക്ക ​ഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.

 

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതുമായി ബന്ധപ്പെട്ട വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു. ഇത്തവണ ഈറോഡ് സീറ്റിൽ ഇന്ത്യ മുന്നണിയുടെ ഭാ​ഗമായ ഡിഎംകെയാണ് മത്സരിക്കുന്നത്. പകരം നൽകിയ സീറ്റിലും ​ഗണേശമൂർത്തിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതിൽ മനോവിഷമത്തിലായിരുന്നുവെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe