സി​ഗ്നലിം​ഗ് സംവിധാനത്തിലെ പിഴവ് അപകട കാരണം; ബാലസോർ ട്രെയിൻ അപകടത്തിൽ മന്ത്രി

news image
Jul 21, 2023, 4:41 pm GMT+0000 payyolionline.in

ദില്ലി : ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 295 യാത്രക്കാർ മരിച്ച സംഭവത്തിൽ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റെയിൽവേ. റെയിൽവേ സുരക്ഷ കമ്മീഷണർ അന്വേഷണം പൂ‌ർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. 295 പേരാണ് അപകടത്തിൽ മരിച്ചത്. 176 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. 451 പേർക്ക് നേരിയ പരിക്കും സംഭവിച്ചു. ദുരന്തത്തിന് കാരണം സി​ഗ്നലിം​ഗ് സംവിധാനത്തിന്റെ അറ്റകുറ്റപണികളിലെ പിഴവാണെന്നും റെയിൽവേ വിശദീകരിച്ചു. കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്, സിപിഎം എംപി ജോൺ ബ്രിട്ടാസ്, എഎപി നേതാവ് സഞ്ചയ് സിംഗ് എന്നിവർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി പാർലമെന്റിനെ അറിയിച്ചു.

റെയിൽവേ സ്റ്റേഷന് വടക്കുവശത്തുള്ള സിഗ്നൽ സംവിധാനത്തിൽ മുമ്പ് നടത്തിയ സിഗ്നലിംഗ് സർക്യൂട്ട് മാറ്റത്തിലെ പിഴവുകൾ, അടുത്തുള്ള ലെവൽ ക്രോസിംഗ് ഗേറ്റിലെ സിഗ്നലിംഗ് ജോലികൾ നടത്തിയതിലെ പാളിച്ചകൾ എന്നിവ കാരണം ചെന്നൈയിലേയ്ക്കുള്ള കോറമണ്ഡൽ എക്സ്പ്രസിന് (ട്രെയിൻ നമ്പർ 12841) തെറ്റായി പച്ചസിഗ്നൽ കൊടുക്കുകയും എന്നാൽ സിഗ്നലിംഗ് സംവിധാനത്തിലെ അശ്രദ്ധയും വീ‍ഴ്ചകളും കാരണം ഇത് മെയിൻ ലൈനിന് പകരം സ്റ്റേഷനോട് ചേർന്നുള്ള ലൂപ്പ് ലൈനിലേയ്ക്ക് കണക്ട് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. ഇതുമൂലം യാത്രാ ട്രെയിൻ ഗതി മാറി ലൂപ്പ് ലൈനിൽ പിടിച്ചിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ പുറകിൽ ചെന്നിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടിലുള്ളത്. റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയും വീഴ്ചയും അനാസ്ഥയുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് റെയിൽവേ മന്ത്രിയുടെ വെളിപ്പെടുത്തൽ. മരിച്ച 295 യാത്രക്കാരിൽ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും കേന്ദ്രമന്ത്രി സമ്മതിച്ചു. എന്നാൽ ക‍ഴിഞ്ഞ മുന്ന് കൊല്ലത്തിനിടയിൽ സമാനമായ അപകടങ്ങൾ ഉണ്ടാക്കുവാൻ സാധ്യയുണ്ടായിരുന്ന സിഗ്നൽ വീ‍ഴ്ചകളെ കുറിച്ചുള്ള ചോദ്യത്തോട് വ്യക്തമായ മറുപടി നൽകാതെ ബാലസോറിന് സമാനമായ അപകടം ഉണ്ടാകുന്ന തരത്തിലുള്ള സിഗ്നൽ വീ‍ഴ്ചകൾ സംഭവിച്ചിട്ടില്ലെന്ന ഒ‍ഴുക്കൻ മറുപടിയാണ് റെയിൽവേ മന്ത്രാലയം നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe