ശബരിമല∙ മണ്ഡല പൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം. കരുതൽ ശേഖരം കുറഞ്ഞതോടെ അരവണ വിതരണത്തിൽ വീണ്ടും ഏർപ്പെടുത്തിയ നിയന്ത്രണം ഭക്തരെ വിഷമത്തിലാക്കി. ഒരാൾക്ക് 10 ടിൻ അരവണ എന്ന വിധത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി കുറഞ്ഞതാണ് നിയന്ത്രണം കടുപ്പിക്കാൻ ഇടയായത്. 15 മുതൽ ഒരാൾക്ക് 20 അരവണ എന്ന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇത് വീണ്ടും കുറയ്ക്കുകയായിരുന്നു. ഇതോടെ ഒരു സംഘത്തിലെ എല്ലാവരും അരവണ വാങ്ങാൻ ക്യൂ നിൽക്കാൻ തുടങ്ങി. ഇതുകാരണം അരവണ കൗണ്ടറിനു മുൻപിൽ വലിയ തിരക്കാണ്. ദേവസ്വം ബോർഡിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് അരവണ വിറ്റുവരവിലൂടെയാണ്. 125 കോടി രൂപ ഇതുവരെ അരവണയിലൂടെ മാത്രം ലഭിച്ചുമണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് തീർഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്റർ അകലെ ശരംകുത്തിക്കു സമീപം വരെ നീണ്ടു. പൊലീസിന്റെ കണക്ക് അനുസരിച്ച് രാവിലെ 8 വരെ 33,624 പേർ ദർശനം നടത്തി. സ്കൂളുകളിൽ ക്രിസ്മസ് അവധിയാകുന്നതോടെ തിരക്ക് ഇനിയും കൂടും.മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെ കാനനപാതകളിലും തിരക്കേറി. പുല്ലുമേട് പാതയിലാണ് ഏറ്റവും കൂടുതൽ തിരക്ക്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് പുല്ലുമേട് വഴി 87,128 പേർ സന്നിധാനത്ത് എത്തി. കഴിഞ്ഞ വർഷം 48,982 പേരാണ് ഇതേസമയം എത്തിയത്. കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ ഇന്നലെ വരെ 49,666 പേരാണ് എത്തിയത്. കഴിഞ്ഞ വർഷം ഇതേ ദിവസം 42,268 പേരാണ് കരിമല പാതയിലൂടെ വന്നത്. ഇന്നും നാളെയും കർപ്പൂരാഴി ഘോഷയാത്ര 27നാണ് മണ്ഡലപൂജ. 26 ന് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. സന്നിധാനത്ത് ഇന്ന് മുതൽ 27 വരെ എല്ലാം പ്രധാന ദിവസങ്ങളാണ്. ഇന്നും നാളെയും കർപ്പൂരാഴി ഘോഷയാത്രയാണ്. ആപത്തുകൂടാതെ മണ്ഡലകാല തീർഥാടനം പൂർത്തിയാക്കാൻ അയ്യപ്പ സ്വാമിയോടുള്ള പ്രാർഥനയുമായി ഇന്ന് ദേവസ്വം ജീവനക്കാരുടെയും നാളെ പൊലീസിന്റെയും വകയായിട്ടാണ് കർപ്പൂരാഴി ഘോഷയാത്ര നടക്കുന്നത്. മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി 27 ന് രാത്രി 10 ന് നട അടയ്ക്കും. മകരവിളക്ക് തീർഥാടനത്തിനായി പിന്നീട് 30 ന് വൈകിട്ട് 5 ന് തുറക്കും. ജനുവരി 14 ന് ആണ് മകരവിളക്ക്.
