വെള്ളിമാട്കുന്ന്: വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ ബസില്‍നിന്ന് തള്ളിയിട്ടതായി പരാതി. ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളായ ഷാനിയ ഷേഖ, നൗഷിദ എന്നിവരാണ് പൊലീസിൽ പരാതി നൽകിയത്. ബേപ്പൂര്‍ വെള്ളിമാട്കുന്ന് റൂട്ടില്‍ സര്‍വിസ് നടത്തുന്ന കൗസ്തുഭം ബസ് കണ്ടക്ടര്‍ക്കെതിരെയാണ് പരാതി. തിങ്കളാഴ്ച രാവിലെ എട്ടേകാലോടെ കല്ലായ് ബസ് സ്റ്റോപ്പിലാണ് സംഭവം.
സ്കൂളിലേക്ക് പോകാന്‍ വട്ടക്കിണറില്നിന്നാണ് ഇരുവരും ബസില്‍ കയറിയത്. തിരക്കുമൂലം ഷാനിയ ബസിന്റെ സ്റ്റെപ്പിലാണ് നിന്നിരുന്നത്. കല്ലായ് സ്റ്റോപ്പില്‍ ആളെ കയറ്റാന്‍ വേണ്ടി സ്റ്റെപ്പില്‍നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ട കണ്ടക്ടര്‍ ഇറങ്ങുന്നതിനിടെ ഷാനിയയെ പിടിച്ചുതള്ളിയതായാണ് വിദ്യാർഥിനി പറയുന്നത്. താഴെ വീണത് കണ്ടിട്ടും ബസ് മുന്നോട്ടെടുക്കുകയായിരുന്നുവെന്നും ആളുകള്‍ ബഹളം വെച്ചതോടെയാണ് നിര്‍ത്തി അതേ ബസില്‍ വീണ്ടും കയറ്റിയതെന്നും പരാതിയില്‍ പറയുന്നു.
ഷാനിയയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കമ്പിക്കിടയില്‍ കൈപെട്ട് സുഹൃത്ത് നൗഷിദക്കും പരിക്കേറ്റു. വേദനയെതുടർന്ന് വിദ്യാര്‍ഥികള്‍ കണ്ടക്ടറോട് പരാതി പറഞ്ഞപ്പോൾ നൂറുരൂപ നൽകി നടക്കാവ് സ്റ്റോപ്പില്‍ ഇറക്കിവിടുകയായിരുന്നു.
തുടര്‍ന്ന് രക്ഷിതാവെത്തി തിരിച്ചുവന്ന ബസ് തടഞ്ഞ് ചോദ്യം ചെയ്തെങ്കിലും വിദ്യാർഥിനിയെ തള്ളിയിട്ടിട്ടില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ബസില്‍ കയറുമ്പോഴും കണ്ടക്ടര്‍ കൈയിൽ അടിച്ചതായി വിദ്യാര്‍ഥിനി പറയുന്നു. വിദ്യാര്‍ഥികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പന്നിയങ്കര പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമീഷനിലും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
വിദ്യാർഥിനിയെ തള്ളിയിട്ടിട്ടില്ലെന്നും തിരക്കിനിടയിൽ വാതിൽ തുറന്ന് പെൺകുട്ടി നിലത്തുവീഴുകയായിരുന്നുവെന്നും ഇതിന്റെ വിഡിയോ ബസിന്റെ സി.സി.ടി.വിയിലുണ്ടെന്നും ബസ് ഉടമ പറഞ്ഞു. പെൺകുട്ടി ആശുപത്രിയിൽ സ്വന്തം നിലയിൽ പോവാമെന്ന് പറഞ്ഞതിനാലാണ് കൂടെ പോകാതിരുന്നതെന്നും ഉടമ പറഞ്ഞു.