വരി നില്‍ക്കാതെ ചികിത്സ, റെക്കോര്‍ഡിട്ട് ഇ- ഹെല്‍ത്ത്; 1001 ആശുപത്രികളില്‍ സജ്ജം

news image
Nov 13, 2025, 9:22 am GMT+0000 payyolionline.in

സംസ്ഥാനത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമേകിയ ഇ-ഹെല്‍ത്ത് പദ്ധതി 1001 ആശുപത്രികളില്‍ സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ്. വരി നിന്ന് സമയം കളയാതെ രോഗികള്‍ക്ക് വേഗത്തിലും എളുപ്പത്തിലും ചികിത്സാസൗകര്യം ലഭ്യമാക്കുന്ന ഡിജിറ്റല്‍ സംവിധാനത്തിലൂടെ 2.63 കോടിയിലധികംപേര്‍ സ്ഥിര യുഎച്ച്‌ഐഡി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.

താല്‍ക്കാലിക രജിസ്ട്രേഷനിലൂടെ 6.73 കോടിയിലധികം തവണ ചികിത്സതേടി. 16.85 ലക്ഷം പേര്‍ ഇ- ഹെല്‍ത്ത് മുഖേന അഡ്മിറ്റായി. ഡിജിറ്റലായി പണമടയ്ക്കല്‍, ഒപി ടിക്കറ്റ്, എം-ഇ ഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു. രണ്ടാമതും ചികിത്സ തേടണമെങ്കില്‍ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവുമുണ്ട്. ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ (https:// ehealth.kerala.gov.in) വഴിയും എം-ഇ ഹെല്‍ത്ത് ആപ്പ് (https:// play.google.com/store/apps/details?id=in.gov.kerala.ehealth.mhealth) വഴിയും അഡ്വാന്‍സ് ടോക്കണ്‍ എടുക്കാം.

https:// ehealth.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് യുഎച്ച്ഐഡി സൃഷ്ടിക്കേണ്ടത്. രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്തശേഷം ആധാര്‍ നമ്പര്‍ നല്‍കുക. ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കാം. ഫോണ്‍: ദിശ-104, 1056, 0471 2552056, 2551056.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe