ചെന്നൈ ∙ സംസ്ഥാനത്തേക്കു കൂടുതൽ നിക്ഷേപം ലക്ഷ്യമിട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിദേശത്തേക്ക് യാത്രതിരിച്ചു. ഇന്നലെ രാത്രി ചെന്നൈയിൽനിന്നു പുറപ്പെട്ട സ്റ്റാലിനും സംഘവും ഇന്ന് സ്പെയിനിൽ എത്തും. തുടർന്ന് യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ കൂടി സന്ദർശിച്ച ശേഷം ഫെബ്രുവരി 7നു തിരിച്ചെത്തും.
മുഖ്യമന്ത്രിക്കു പുറമേ വ്യവസായ മന്ത്രി ടി.ആർ.ബി.രാജ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ട്. മുഖ്യമന്ത്രിയായശേഷം മൂന്നാം തവണയാണ് എം.കെ.സ്റ്റാലിൻ വിദേശ സന്ദർശനം നടത്തുന്നത്. നേരത്തേ ചെന്നൈയിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ തുടർച്ചയായാണ് ഇത്തവണത്തെ സന്ദർശനം. 6.64 ലക്ഷം കോടി രൂപയുടെ കരാറുകളാണ് നിക്ഷേപക സംഗമത്തിൽ ഒപ്പിട്ടത്.