റിയാദ്: ആറാം തവണയും വിധി പറയാതെ റിയാദ് ക്രിമിനൽ കോടതി മാറ്റിവെച്ച, സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും. ബുധനാഴ്ച രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ സിറ്റിങ് നടന്നെങ്കിലും നിലവിലെ ബെഞ്ചിൽ മാറ്റം വരുത്തി കേസ് വീണ്ടും വിശദമായി കേൾക്കാനായി മാറ്റിവെക്കാനായിരുന്നു കോടതി തീരുമാനം. പുതിയ ജഡ്ജിമാരെ കൂടി ഉൾപ്പെടുത്തിയ ബെഞ്ച് ഫെബ്രുവരി രണ്ടിന് രാവിലെ എട്ടിന് കേസിൽ വാദം കേൾക്കും.
ബുധനാഴ്ച നടന്ന ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽനിന്ന് റഹീമും റഹീമിെൻറ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. പ്രോസിക്യൂഷന്റെ വാദം കേൾക്കലും പ്രതിഭാഗത്തിന്റെ മറുപടി പറച്ചിലുമായി കുറച്ചധികം നീണ്ട സിറ്റിങ് നടപടികൾ തീർപ്പിലെത്തും എന്ന പ്രതീക്ഷയുണ്ടാക്കിയിരുന്നെങ്കിലും കേസ് മാറ്റിവെക്കുന്നുവെന്ന അറിയിപ്പാണ് ഒടുവിൽ വന്നത്.
കേസ് വിശദമായും സൂക്ഷ്മമായും പരിശോധിക്കാനാണ് തീരുമാനം. അതുവരെ റഹീമിന്റെ മോചനം നീളും. മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിങ്ങാണ് ബുധനാഴ്ച നടന്നത്. ഡിസംബർ 30നായിരുന്നു കഴിഞ്ഞ സിറ്റിങ്. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്.
എന്നാൽ ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17ന് വധശിക്ഷ ഒഴിവാക്കിയ അതേ ബെഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി. ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നൽകാനായി.
അത് കൂടി പരിശോധിച്ചുള്ള തീരുമാനമെടുക്കുന്നതിന് ഡിസംബർ 12ന് സിറ്റിങ് നടത്താൻ കോടതി തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ അന്ന് കോടതി കൂടിയില്ല. തുടർന്ന് ഡിസംബർ 30ലേക്ക് സിറ്റിങ് മാറ്റിവെക്കുകയായിരുന്നു. അത് വീണ്ടും ജനുവരി 15 ലേക്ക് മാറ്റുകയായിരുന്നു. ഇനി പ്രതീക്ഷ ഫെബ്രുവരി രണ്ടിലേക്ക് നീളുകയാണ്. റിയാദ് ഇസ്കാനിലെ ജയിലിലാണ് അബ്ദുൽ റഹീമുള്ളത്.