ലക്നൗ: യുപിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ ഭർതൃസഹോദരൻമാർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിലാണ് സംഭവം. യുവതിയുടെ ഭർത്താവിന്റെ സഹോദരൻമാരായ 4 പേരാണ് അറസ്റ്റിലായത്. കൊലപാതകം ആസൂത്രണം ചെയ്തത് യുവതിയുടെ ഭർത്താവാണെന്നും ഇയാൾ പണം വാഗ്ദാനം ചെയ്തതായും പ്രതികൾ പറഞ്ഞു. ഇയാൾ ദുബായിലാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വാട്ടർ ടാങ്കിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മുഖം വ്യക്തമാകാതിരിക്കാൻ ഇഷ്ടിക കൊണ്ട് അടിച്ച് വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായതായി തെളിഞ്ഞു. വിദേശത്തുള്ള പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.