തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന സംവിധായകൻ മേജർ രവിയെ സംസ്ഥാന വൈസ് പ്രസിഡന്റായും കണ്ണൂരിലെ കോൺഗ്രസ് നേതാവ് സി രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നിയോഗിച്ചു. ധർമടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ സി രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
2021 ഫെബ്രുവരി 12 ന് മേജർ രവി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. കാലങ്ങളായി ബിജെപിക്കൊപ്പമായിരുന്നു രവി പ്രവർത്തിച്ചിരുന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലക്കൊപ്പം ഐക്യ കേരള യാത്രയിൽ തൃപ്പൂണിത്തുറയിൽവച്ച് വേദി പങ്കിടുകയും ചെയ്തു.
സംസ്ഥാന ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാന്‍ പോലും വിളിച്ചില്ലെന്നും അന്ന് മേജർ രവി ആരോപിച്ചിരുന്നു. കോൺഗ്രസിൽ ചേർന്ന് രണ്ട് വർഷത്തിനകമാണ് ബിജെപിയിലേക്കുള്ള മടക്കം.