മീൻപിടിക്കാൻ പോയ യുവാവ് വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

news image
Oct 9, 2024, 4:03 pm GMT+0000 payyolionline.in

ചാരുംമൂട്: നൂറനാട് പാലമേൽ ഉളവുക്കാട് പാടത്ത് മീൻപിടിക്കാൻ പോയ യുവാവ് വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലമേൽ ഉളവുക്കാട് ഗോപ ഭവനത്തില്‍ ഗോപകുമാറി (45)നെയാണ് ചെങ്ങന്നൂർ മുളക്കുഴ ഭാഗത്തെ ഒളിവിൽ താമസിച്ചിടത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

നൂറനാട് മറ്റപ്പള്ളി രാജ്ഭവനത്തിൽ രാജൻ- ഷീല ദമ്പതികളുടെ മകൻ രാഹുൽ രാജ് (32) മരിച്ച കേസിലാണ് അറസ്റ്റ്. സെപ്റ്റംബർ 23 ന് ആയിരുന്നു സംഭവം. രാത്രി പാലമേൽ ഉളവക്കാട് പാടത്ത് കൃഷിവിളകൾ സംരക്ഷിക്കാൻ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് രാഹുൽ രാജിന് ഷോക്കേറ്റത്.  ഷോക്കേറ്റ് വീണ രാഹുൽ രാജിനെ രക്ഷിക്കുവാൻ സുഹൃത്തുക്കൾ ശ്രമിച്ചുവെങ്കിലും സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.

പിന്നീട് നടത്തിയ പരിശോധനയിലാണ് വയലിലെ കൃഷി കാട്ടുപന്നിയുടെ ശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് ഗോപകുമാർ തന്റെ വീട്ടിലെ വൈദ്യുതി കണക്ഷനിൽ നിന്നും അനധികൃതമായി വയർ വലിച്ച് കൃഷിയിടത്തിലെ കമ്പിവേലിയിൽ വൈദ്യുതി പ്രസരിപ്പിച്ചിരുന്നതാണെന്ന് മനസിലായത്. തുടർന്ന് നൂറനാട് പൊലീസ് കൃഷി ഉടമക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തു.

ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ് എസ് സുഭാഷ് ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിജു എച്ച്, രജീഷ് ആർ, അനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe