ബംഗളൂരു: മരുന്ന് കുറിപ്പടികൾ കന്നടയിലാക്കണമെന്ന കർണാടക ലാംഗ്വേജ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (കെ.എൽ.ഡി.എ) നിർദേശം തള്ളി സംസ്ഥാന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു. ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള ആശയമാണെങ്കിലും നടപ്പാക്കാൻ പറ്റിയ സാഹചര്യമല്ല നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടർമാർ എഴുതുന്ന കുറിപ്പടികൾ കന്നടയിലാക്കിയാൽ അത് സംസ്ഥാനത്തിന്റെ ഭാഷാപരമായ സ്വത്വം സംരക്ഷിക്കുന്നതിനുള്ള നിർണായകമായ ചുവടുവെപ്പാകുമെന്ന് കെ.എൽ.ഡി.എ ചെയർമാൻ പുരുഷോത്തം ബിലിമാലെ ആരോഗ്യ മന്ത്രിക്കെഴുതിയ കത്തിൽ പറഞ്ഞിരുന്നു. നൂറുകണക്കിന് ഡോക്ടർമാർ ഇതിന് സന്നദ്ധമാണെന്നും കത്തിലുണ്ടായിരുന്നു. ഇത് ഭാഷ ദേശീയതയിലൂന്നിയ വാദമാണെന്നും മെഡിക്കൽ ടെർമിനോളജികൾ പരിഭാഷപ്പെടുത്തുന്നതിൽ പരിമിതികളുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ഭാഷ മാറ്റുന്നതിലൂടെ രോഗികൾക്ക് എഴുതി നൽകുന്ന നിർദേശങ്ങളിൽ ആശയക്കുഴപ്പമുണ്ടാകാനും തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്.
മരുന്നിന്റെ ഡോസ് മാറിയാൽ അത് രോഗികളെ ഗുരുതരമായി ബാധിക്കും. മാത്രമല്ല, ഈ നിർദേശം കർണാടകയിലെ മറ്റു ഭാഷകൾ സംസാരിക്കുന്ന ജനങ്ങളെ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഡോക്ടർമാരുടെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തുന്നതിലുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.