‘മദ്യപാനം സ്‌കൂളിന് സമീപത്തെ പുഴക്കരയിൽ വെച്ച്, വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി’: സഹപാഠി

news image
Jun 26, 2026, 8:34 am GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വാറ്റ് ചാരായം സ്‌കൂളിൽ എത്തിച്ച വിദ്യാർത്ഥിയുടെ സഹപാഠി റിപ്പോർട്ടറിനോട് നടത്തിയ വെളിപ്പെടുത്തലിലാണ് കുടൂതൽ വിവരങ്ങൾ പുറത്തായത്. മറ്റ് വിദ്യാർത്ഥികൾക്ക് നിർബന്ധിച്ച് മദ്യം നൽകിയെന്നാണ് സഹപാഠി പറയുന്നത്. മദ്യപിച്ച ശേഷം വിദ്യാർത്ഥി മറ്റു കുട്ടികളെ ഉപദ്രവിക്കുമെന്നും ക്ലാസ്മുറിയിൽ ബഹളമുണ്ടാക്കുമെന്നും സഹപാഠി പറഞ്ഞു. നിർബന്ധിച്ച് കുടിപ്പിച്ചപ്പോൾ രണ്ട് വിദ്യാർത്ഥികൾ ഛർദ്ദിച്ചെന്നും ചിലപ്പോൾ കുട്ടികൾ ആടി ആടി ക്ലാസിൽ എത്താറുണ്ടെന്നും വിദ്യാർത്ഥി പറഞ്ഞു. മദ്യം നൽകുന്നത് പണം വാങ്ങിയല്ലെന്നും കുട്ടി പറഞ്ഞു.

‘മദ്യപാനം സ്‌കൂളിന് സമീപത്തെ പുഴക്കരയിൽ വെച്ചാണ് നടത്തുന്നത്. രുചിച്ചു നോക്കാനായി മറ്റ് കുട്ടികൾക്കും നൽക്കാറുണ്ട്.
ഇന്റർവെൽ സമയത്താണ് മദ്യപിക്കുന്നത്. മദ്യപിച്ചു കഴിഞ്ഞാൽ ക്ലാസിൽ കിടന്നുറങ്ങും. മദ്യപിക്കുന്ന വിദ്യാർത്ഥികൾ കൂട്ടം ചേർന്നാണ് നടക്കുന്നത്. ആംഗ്യ ഭാഷയിൽ മദ്യത്തെ കുറിച്ച് സംസാരിക്കും. മദ്യപിക്കുന്ന വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തും. സ്‌കൂളിന്റെ ബാത്‌റൂമിൽ വച്ചും മദ്യപിക്കാറുണ്ട്. മദ്യം കൊണ്ടുവരുന്നത് ഒരു കുട്ടി മാത്രമാണ്. മറ്റ് ക്ലാസ്സുകളിലെ കുട്ടികൾക്കും മദ്യം നൽകിയിട്ടുണ്ട്’; സഹപാഠി പറഞ്ഞു.

താമരശ്ശേരിയിൽ സ്‌കൂളിൽ വാറ്റ് ചാരായവുമായെത്തിയെ കുട്ടിയെ രണ്ടാനച്ഛൻ കാരിയറായി ഉപയോഗിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രഹസ്യകേന്ദ്രങ്ങളിൽ നിന്ന് മദ്യം കടത്താൻ ഉപയോഗിച്ചുവെന്നാണ് കുട്ടി പൊലീസിന് മൊഴി നൽകിയത്. കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി ഉപദ്രവിച്ചിരുന്നു. പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം കുട്ടിയുടെ സംരക്ഷണം പൊലീസ് ഏറ്റെടുത്തിരുന്നതാണ്. എന്ത് പ്രശ്‌നമുണ്ടായാലും പൊലീസിനെ അറിയിക്കണമെന്ന് പറഞ്ഞ് പൊലീസ് കുട്ടിക്ക് നമ്പർ ഉൾപ്പെടെ നൽകിയിരുന്നു.

അതേസമയം, സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സ്കൂളിലെ പിടിഎ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. സ്‌കൂളിലേക്ക് വിദ്യാർത്ഥി മദ്യവുമായെത്തുന്നത് മൂന്നാം തവണയാണെന്നും സഹപാഠികൾക്ക് നൽകാനാണെന്നുമാണ് പിടിഎ പ്രസിഡന്റ് പറഞ്ഞത്. ഇന്റർവെൽ സമയങ്ങളിലാണ് കുട്ടികൾ മദ്യം കഴിച്ചിരുന്നതെന്നും ചിലർ നിരാകരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും അദേഹം പറഞ്ഞിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe