‘മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു’, പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

news image
Nov 26, 2024, 10:06 am GMT+0000 payyolionline.in

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ് വച്ചതെന്നും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു. കഴിഞ്ഞ ദിവസം ഫോൺ പോലും രാഹുൽ പൊട്ടിച്ചു കളഞ്ഞു. സമ്മർദം മൂലമാണ് ആദ്യത്തെ പരാതിയിൽ നിന്ന് പിൻവാങ്ങിയത്. അന്ന് ഇനി വീഴ്ച ഉണ്ടാകില്ലെന്ന് രാഹുൽ ബോധിപ്പിച്ചു, മകളോട് ക്ഷമയും പറഞ്ഞു. അങ്ങനെയാണ് കേസിൽ നിന്ന് പിന്മാറിയതെന്നും അച്ഛൻ ചൂണ്ടിക്കാട്ടി.

 

പന്തീരാങ്കാവിൽ പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശിയായ ഭർത്താവ് രാഹുലിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. സമാനമായ പരാതിയിൽ നേരത്തെ പന്തീരങ്കാവ് പോലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

ഭക്ഷണത്തിൽ ഉപ്പു പോരെന്നതടക്കമുള്ള കാരണങ്ങൾ പറഞ്ഞ് ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന പുതിയ പരാതിയുമായാണ് യുവതി പോലീസിനെ സമീപിച്ചത്. മുഖത്തും ശരീരത്തിലും മർദ്ദനമേറ്റത്തിന്റെ പാടുകളും ആയി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ യുവതി ഇന്ന് രാവിലെയാണ് സ്വന്തം വീട്ടുകാർക്കൊപ്പം പൊലീസിൽ പരാതി നൽകാൻ എത്തിയത്. മാസങ്ങൾക്ക് മുൻപ് യുവതി ഭർത്താവ് രാഹുൽ എതിരെ നൽകിയ സമാനമായ പരാതി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പരാതിയിൽ വേണ്ടവിധം നടപടി സ്വീകരിച്ചില്ല എന്ന പേരിൽ പന്തിരങ്കാവ്എസ് എച്ച് ഒ യ്ക്ക് സസ്പെൻഷൻ നേരിടേണ്ടി വന്നു. എന്നാൽ പിന്നീട് താൻ പരാതി നൽകിയത് വീട്ടുകാരുടെ പ്രേരണയെ തുടർന്നാണെന്നും രാഹുലിനൊപ്പം കഴിയാൻ തന്നെയാണ് താല്പര്യം എന്നും വ്യക്തമാക്കി യുവതി രംഗത്ത് വരികയും പിന്നാലെ ഇരുവരും കേസ് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി കേസ് റദ്ദാക്കിയ ശേഷം ഇരുവരും പന്തിരങ്കാവിലെ വീട്ടിൽ വീണ്ടും ഒരുമിച്ചായിരുന്നു താമസം.

ഇന്നത്തെ രാത്രി 8 മണിയോടെയാണ് ഭർതൃവീട്ടിൽ നിന്ന് പരിക്കേറ്റേന്ന്‌ പറഞ്ഞ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഭർത്താവ് രാഹുൽ തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. രാത്രി പൊലീസ് മൊഴി എടുക്കാൻ എത്തിയെങ്കിലും യുവതി പരാതിക്ക് മുതിർന്നില്ല. രാത്രി വൈകി, യുവതിയുടെ അച്ഛനും അമ്മയും എറണാകുളത്തു നിന്ന് വന്നു. രാവിലേ യുവതിക്കൊപ്പം പന്തീരാങ്കാവ് സ്റ്റേഷനിൽ എത്തി ഭർതൃ പീഡനം ആരോപിച്ചു പരാതി നൽകി. വിശദമൊഴി എടുത്ത ശേഷമാണ് പൊലീസ് കേസ് എടുത്തത്. ഭർതൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകൾ ചുമത്തി. നിലവിൽ രാഹുലിന് ഒപ്പം കഴിയാൻ താല്പര്യമില്ലെന്നും യുവതി  പൊലീസിനെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe