തിരുവനന്തപുരം ∙ ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്തു പൊതു അവധി. നേരത്തേ നിശ്ചയിച്ചതനുസരിച്ച് ഇന്നത്തെ അവധി നിലനിർത്തി നാളെക്കൂടി അവധി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നാളെയാണു ബലിപെരുന്നാൾ.
സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ടും ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടും അനുസരിച്ചാണ് 2 ദിവസവും അവധി എന്നതിനാൽ ബാങ്കുകൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കെഎസ്ഇബി കാഷ് കൗണ്ടർ ഇന്നും നാളെയും പ്രവർത്തിക്കില്ല. ഓൺലൈൻ സേവനങ്ങളെ ബാധിക്കില്ല.