ഫലസ്തീനുമായുള്ള ആദ്യ ഉച്ചകോടി ഈ വർഷം നടത്തും; നിരവധി കരാറുകളിൽ ഒപ്പിടുമെന്ന് സ്​പെയിൻ

news image
Sep 5, 2024, 5:33 am GMT+0000 payyolionline.in

മാഡ്രിഡ്: ഫലസ്തീനുമായി ചേർന്നുള്ള ഉഭയകക്ഷി ഉച്ചകോടി ഈ വർഷം തന്നെ നടത്തുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. വർഷാവസനത്തിനുള്ളിൽ ഉച്ചകോടി യാഥാർഥ്യമാക്കുമെന്നും നിരവധി കരാറുകളിൽ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച സ്​പെയിനിൽ നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക് ഏജൻസിക്ക് നൽകി വരുന്ന പിന്തുണ ഇനിയും തുടരുമെന്നും സ്​പെയിൻ അറിയിച്ചു. വാർത്ത ഏജൻസിയായ സിൻഹുവയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നേരത്തെ നോർവേ, അയർലാൻഡ്, സ്​പെയിൻ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീനെ രാജ്യമായി അംഗീകരിച്ചിരുന്നു. ഗസ്സയിലെ ഇസ്രായേൽ സൈനിക നീക്കത്തിൽ വൻ പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു ഇവരുടെ നടപടി. ഇത് യൂറോപ്പിൽ വലിയ വാർത്തകൾക്ക് കാരണമായിരുന്നു.

ജൂലൈ 11ന് നടത്തിയ പ്രസംഗത്തിൽ ഗസ്സ വിഷയത്തിൽ ഇരട്ടനിലപാട് സ്വീകരിക്കുന്നത് പാശ്ചാത്യ രാജ്യങ്ങൾ ഒഴിവാക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. ഇസ്രായേലിന്റെ ഗസ്സയിലെ സൈനിക നടപടികളേയും അദ്ദേഹം വിമർശിച്ചിരുന്നു.

അന്താരാഷ്ട്ര നിയമം പാലിക്കാനായി നാം യുക്രെയ്നെ പിന്തുണക്കുമ്പോൾ ഇതേ പിന്തുണ തന്നെ ഗസ്സക്കും നൽകണമെന്നായിരുന്നു നാറ്റോയുടെ വാർഷിക യോഗത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞത്. ഇക്കാര്യത്തിൽ ശക്തമായ രാഷ്ട്രീയ നിലപാട് വേണമെന്നും സാഞ്ചസ് അഭ്യർഥിച്ചിരുന്നു. ഉടൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ കൊണ്ടു വരണമെന്നും സാഞ്ചസ് ആവശ്യപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe