തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നതിന് വേണ്ടി തനത് ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപ നൽകി പി.ആർ ഏജൻസിയെ ചുമതലപ്പെടുത്താനുള്ള ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും യോഗത്തിൽ നിന്ന് ഇറങ്ങി പോയി ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധി മൂലം നിരവധി വാർഷിക പദ്ധതികൾ ഒഴിവാക്കുകയും ലൈഫ് ഭവന പദ്ധതിയുടെ ആനുകൂല്യം കൊടുക്കാൻ പണമില്ലാതെ നട്ടം തിരിയുകയും ചെയ്യുന്ന സാഹചര്യത്തിൽ അധികാര ദുർവിനിയോഗവും സാമ്പത്തിക ധൂർത്തിനും മടി കാണിക്കാത്ത എൽ. ഡി. എഫ് ഭരണസമിതി തിക്കോടിയിലെ പാവപ്പെട്ട നികുതി ദായകരെ വെല്ലുവിളിക്കുകയാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ചെയർമാൻ സന്തോഷ് തിക്കോടി ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദുൾ മജീദ് അധ്യക്ഷം വഹിച്ചു. ജയകൃഷ്ണൻ ചെറുകുറ്റി, കെ.പി ഷക്കീല, ബിനു കാരോളി, പി.ടി. സുവീഷ്, സൗജത്ത് യു കെ എന്നിവർ സംസാരിച്ചു.