ദില്ലി: ജെയ്ഷെ മുഹമ്മദ് ഭീകരനും മൗലാന മസൂദ് അസറിന്റെ ഉറ്റസുഹൃത്തുമായ മൗലാന റഹീമുല്ലാ താരിഖിനെ കറാച്ചിയിലെ ഒറംഗി ടൗണിൽവെച്ച് അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന താരിഖിന് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊലപാതകം ലക്ഷ്യമിട്ടാണ് അക്രമികൾ എത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ മുതിർന്ന കമാൻഡറായ അക്രം ഖാൻ ഗാസിയെ വെടിവെച്ച് കൊലപ്പെടുത്തി ദിവസങ്ങൾ കഴിയുമ്പോഴാണ് താരിഖിനെയും വധിക്കുന്നത്.
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ബജൗർ ജില്ലയിൽ ബൈക്കിലെത്തിയ അക്രമികളാണ് ഗാസിയെ വെടിവച്ചു കൊലപ്പെടുത്തിയത്. കാശ്മീരിൽ നുഴഞ്ഞുകയറിയ തീവ്രവാദികളെ റിക്രൂട്ട് ചെയ്തതിൽ പ്രധാനിയായിരുന്നു ഗാസി. 2018-ൽ ജമ്മു കശ്മീരിലെ സുഞ്ജുവാനിലെ ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പങ്കുള്ള പ്രധാന ലഷ്ക്കർ കമാൻഡറായ മിയ മുജാഹിദ് എന്ന ഖ്വാജ ഷാഹിദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. പത്താൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ ഷാഹിദ് ലത്തീഫിനെയും അജ്ഞാതർ പള്ളിയിലെ പ്രാർഥനക്കിടെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.