നിപ ജാഗ്രതാ നിര്‍ദേശങ്ങള്‍; വവ്വാലുകളുടെ കോളനികളുള്ള സ്ഥലങ്ങളിൽ പോകരുത്, ഭയപ്പെടുത്തി ഓടിക്കരുത്

news image
Sep 13, 2023, 3:43 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കലക്ടര്‍ ജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി. വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുകയോ വവ്വാലുകളുള്ള മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുമ്പോള്‍ സ്രവ വിസർജ്യങ്ങൾ വർദ്ധിക്കുകയും അതിലൂടെ കൂടുതൽ വൈറസുകളെ പുറന്തള്ളുകയും ചെയ്യും. വവ്വാലോ മറ്റു ജീവികളോ കടിച്ചതോ കൊത്തിയതോ ആയ പഴങ്ങള്‍ കഴിക്കരുത്, പഴങ്ങൾ ശുചിയാക്കിയ ശേഷം മാത്രം കഴിക്കുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍.

  • വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുകയോ വവ്വാലുകളുള്ള മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യരുത്. ഇത്തരം സന്ദർഭങ്ങളിൽ അവയ്ക്ക് സമ്മർദങ്ങൾ ഉണ്ടാകുകയും അവയുടെ സ്രവ വിസർജ്യങ്ങൾ വർദ്ധിക്കുകയും അതിലൂടെ കൂടുതൽ വൈറസുകളെ പുറംതള്ളുന്നതിന് കാരണമാകുകയും ചെയ്യുന്നു.
  • വവ്വാലുകളുടെ കോളനികളുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക
  • വവ്വാലുകൾ കടിച്ചതോ അവയുടെ വിസർജ്ജ്യം കലർന്നതോ ആയ പഴങ്ങൾ ഭക്ഷിക്കുകയോ വളർത്ത് മൃഗങ്ങൾക്ക് നൽകുകയോ ചെയ്യരുത്.
  • വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങൾക്ക് കീഴിൽ വളർത്തു മൃഗങ്ങളെ മേയാൻ അനുവദിക്കാതിരിക്കുക.
  • വീട്ടുവളപ്പിലെ പഴങ്ങൾ ശുചിയാക്കിയ ശേഷം മാത്രം കഴിക്കുക. പഴങ്ങളിൽ വവ്വാലോ മറ്റുജീവികളോ കടിച്ചതോ കൊത്തിയതോ ആയ പാടുകളില്ല എന്ന് ഉറപ്പ് വരുത്തുക.
  • പഴങ്ങൾ ശുചിയാക്കുമ്പോൾ സോപ്പ് വെള്ളത്തിൽ 10-15 മിനുട്ട് മുക്കി വെക്കുക, തുടർന്ന് ശുദ്ധ ജലത്തിൽ കഴുകി ഉപയോഗിക്കാവുന്നതാണ്.
  • പുറം തൊലിയുള്ള പഴങ്ങൾ തൊലിനീക്കം ചെയ്ത് കഴിക്കാവുന്നതാണ്.
  • റമ്പൂട്ടാൻ പോലെ പുറം നാരുകളുള്ള പഴങ്ങളുടെ തൊലി വായ് കൊണ്ട് നീക്കം ചെയ്യാൻ ശ്രമിക്കാതിരിക്കുക.

എന്താണ് നിപ വൈറസ്?

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

രോഗലക്ഷണങ്ങള്‍

അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

രോഗ സ്ഥിരീകരണം

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍. (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാന്‍ സാധിക്കും.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

1. പനി ഉള്ളവരെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക.

2. മാസ്ക് പരമാവധി ഉപയോഗിക്കുന്നതാണ് നല്ലത്. എന്‍-95 മാസ്‌കുകളാകും കൂടുതല്‍ നല്ലത്.

3. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

4. രോഗികളുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. 20 സെക്കന്റെങ്കിലും ഇത്തരത്തില്‍ കൈകള്‍ കഴുകുക.

5. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.

6. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

7. രോഗിയുടെ വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

8. ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe