കൊയിലാണ്ടി നഗരത്തിന്റെ സുരക്ഷക്കായി ക്യാമറകള്‍ മിഴി തുറക്കാനൊരുങ്ങുന്നു

news image
Sep 10, 2024, 12:44 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടി നഗരം ക്യാമറ കണ്ണിൽ എം.എൽ.എ.ഫണ്ടിൽ നിന്നും
കൊയിലാണ്ടി നഗരത്തിന്റെ സുരക്ഷക്കായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് രൂപരേഖയായി. നേരത്തെ നഗരസഭ സ്ഥാപിച്ച ക്യാമറകൾക്ക് പുറമെയാണ് പുതിയ ക്യാമറകൾ വരുന്നത്. കൊയിലാണ്ടി നഗരപരിധിയിലെ കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റകൃത്യങ്ങളില്‍ അന്വേഷണം വേഗത്തിലാക്കാനുമായി എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 26 ലക്ഷം രൂപ ചിലവഴിച്ചാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. നഗരത്തില്‍ വാഹനം ഇടിച്ചു നിര്‍ത്താതെ പോകുന്നതും സ്കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ലഹരി വില്‍പന സംഘങ്ങളും കടകളും മറ്റും കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളും സജീവമായതിനെ  ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ക്യാമറ സ്ഥാപിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും പണം അനുവദിച്ചത്.
കൊയിലാണ്ടി നഗരസഭ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി സര്‍ക്കാറിന്റെ അക്രിഡറ്റഡ് ഏജന്‍സിയായ കെല്‍ ആണ് പ്രവര്‍ത്തി നടപ്പിലാക്കുക. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ നമ്പറുള്‍പ്പെടെ വ്യക്തമാകുന്ന തരത്തിലുള്ള ക്യാമറയാണ് സ്ഥാപിക്കുക. വിദ്യാലയങ്ങളുടെ പരിസരങ്ങള്‍ , ലഹരി മാഫിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് സംശയിക്കുന്ന നഗരത്തിലെ ഒഴിഞ്ഞ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ക്യാമറ സ്ഥാപിക്കും. കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ നിന്നും തല്സമയം വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്യാമറയുടെ പ്രവര്‍ത്തനം.
പദ്ധതിയെ കുറിച്ച് ആലോചിക്കാന്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് , നഗരസഭ സെക്രട്ടറി, കൊയിലാണ്ടി പോലീസ്  ഉദ്യോഗസ്ഥർ നിര്‍വ്വഹണ ഏജന്‍സിയായ കെല്ലിന്റെ പ്രതിനിധികൾ  എന്നിവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe