കൊടിയും ഫ്ലക്സും സ്ഥാപിച്ചു : സിപിഎമ്മിന് മൂന്നര ലക്ഷം പിഴ ചുമത്തി കൊല്ലം നഗരസഭ

news image
Mar 7, 2025, 5:49 am GMT+0000 payyolionline.in

 

 

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ അനധികൃതമായി കൊടിയും ഫ്ലക്സും സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപ പിഴ ചുമത്തി കൊല്ലം കോർപറേഷൻ. പിഴ അടക്കാൻ കോർപറേഷൻ സെക്രട്ടറി സി.പി.എം ജില്ല സെക്രട്ടറിക്കാണ് നോട്ടീസ് നൽകിയത്. സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും 2,500 കൊടിയുമാണ് കെട്ടിയത്. കൊല്ലം വഴി കണ്ണടച്ച് വരാൻ കഴിയില്ലെന്ന് ഇന്നലെ ഹൈകോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെിയാണ് പിഴ ചുമത്തിയത്.

ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ അനുമതി തേടി സി.പി.എം അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തില്‍ കോർപറേഷൻ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയുമാണ് ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചതെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിശദീകരണം.

ഇന്നലെ പ്രതിനിധി സമ്മേളന നഗരിയായ കൊല്ലം ടൗൺഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗറിൽ) കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ പതാക ഉയർത്തിയതോടെയാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. പോളിറ്റ് ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, വൃന്ദ കാരാട്ട്, എം.എ. ബേബി, എ. വിജയരാഘവൻ, അശോക് ദാവ് ലെ, ബി.വി. രാഘവല്ലു, സുഭാഷിണി അലി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മറ്റു കേന്ദ്ര -സംസ്ഥാന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പതാക ഉയർത്തിയത്. മധുരയിൽ നടക്കുന്ന 24 ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള സമ്മേളനത്തിന്റെ നഗരിയിൽ 24 കതിന പൊട്ടിച്ചു.

രക്തസാക്ഷി സ്തൂപത്തിൽ ആദ്യം പ്രകാശ് കാരാട്ടും തുടർന്ന് മറ്റു പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്രകമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പുഷ്പചക്രം അർപ്പിച്ചു. സമ്മേളന പ്രതിനിധികൾ മുഷ്ടിചുരുട്ടി രക്താഭിവാദ്യമർപ്പിച്ച് സ്തൂപത്തിൽ പുഷ്പാർച്ചനയും നടത്തി.

എ.കെ. ബാലനെ താൽക്കാലിക അധ്യക്ഷനാക്കിയാണ് പ്രതിനിധി സമ്മേളനം തുടങ്ങിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണൻ രക്തസാക്ഷി പ്രമേയം അവതരിപ്പിക്കുകയും സ്വാഗതസംഘം ചെയർമാൻ കെ.എൻ. ബാലഗോപാൽ സ്വാഗതമാശംസിക്കുകയുംചെയ്തു. പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു.

പ്രസീഡിയം, മിനിറ്റ്സ്, പ്രമേയം, ക്രഡൻഷ്യൽ കമ്മിറ്റികളെ തെരഞ്ഞെടുത്തതിനു പിന്നാലെ സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ‘നവ കേരളത്തിനുള്ള പുതുവഴികൾ’ രേഖയും അവതരിപ്പിച്ചു. വൈകീട്ട് ഗ്രൂപ്പ് ചർച്ചയും തുടങ്ങി. ഇന്ന് പൊതു ചർച്ചയാണ്. ശനിയാഴ്ച നവകേരള രേഖയുടെ ചർച്ചയും പ്രവർത്തന റിപ്പോർട്ട് ചർച്ചക്കുള്ള മറുപടിയും നൽകും. ഞായറാഴ്ച രാവിലെ നവകേരള റിപ്പോർട്ടിലെ ചർച്ചക്ക് പിണറായി വിജയൻ മറുപടി നൽകും.

തുടർന്ന് സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുത്ത് പ്രതിനിധി സമ്മേളനം സമാപിക്കും. വൈകീട്ട് ചുവപ്പ് സേന മാർച്ചും ബഹുജന റാലിയും സീതാറാം യെച്ചൂരി നഗറിൽ (ആശ്രമം മൈതാനം) പൊതുസമ്മേളനവും നടക്കും. 486 പ്രതിനിധികളും 44 അതിഥികളും നിരീക്ഷകരുമടക്കം 530 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe