കളിയാട്ടത്തിനിടെ വെടിപ്പുരക്ക്‌ തീപിടിച്ചു ; 100 പേർക്ക്‌ പരിക്ക്‌

news image
Oct 29, 2024, 3:16 am GMT+0000 payyolionline.in

നീലേശ്വരം (കാസർകോട്):  അഞ്ഞൂറ്റമ്പലം വീരർക്കാവ് കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച്‌ നൂറോളം പേർക്ക്‌ പരിക്ക്‌.  തിങ്കൾ രാത്രി പന്ത്രണ്ടോടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങിനിടെയാണ് അപകടം. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും കണ്ണൂർ മിംസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിലർ മംഗളൂരുവിലെ വിവിധ ആശുപത്രിയിലും ചികിത്സയിലാണ്‌.

 

നീലേശ്വരം തേജസ്വിനി ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും  60 പേർ ചികിത്സയിലുണ്ട്‌.  നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കുണ്ട്. തെയ്യം പുറപ്പാടിനിടെ പടക്കം പൊട്ടിക്കുമ്പോൾ  വെടിപ്പുരയിലേക്ക് തീപ്പൊരി വീഴുകയായിരുന്നു.  തെയ്യക്കാലത്തിന്‌ തുടക്കം കുറിച്ചുനടക്കുന്ന കളിയാട്ടത്തിന്റെ ആദ്യദിനം മൂവായിരത്തോളം പേർ തെയ്യം കാണാനെത്തിയിരുന്നു.  പൊള്ളലേറ്റും തീ ആളിപ്പടരുമ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടുമാണ്‌ പരിക്ക്‌.  കൂടുതൽപേരെ പ്രവേശിപ്പിച്ച കാഞ്ഞങ്ങാട്‌  ജില്ലാ ആശുപത്രിയിൽ കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പൊലീസ്‌  മേധാവി ഡി  ശിൽപ, നീലേശ്വരം നഗരസഭാ ചെയർമാൻ ടി വി ശാന്ത, വൈസ് ചെയർമാൻ  മുഹമ്മദ്‌ റാഫി എന്നിവർ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe