കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

news image
May 13, 2025, 5:41 am GMT+0000 payyolionline.in

കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് കടത്തികൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍.ബാബു (33) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് എത്തിച്ച ആൾ രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്.അബുദാബിയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്. ട്രോളി ബാഗിലായിരുന്നു കഞ്ചാവ്. 14 കവറുകളിലായാണ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരുന്നത്. കടത്തുകാരനിൽനിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്നു റോഷനും റിജിലും. ഇവരാണ് ആദ്യം പൊലീസിന്റെ പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ വിമാനത്താവള പരിസരത്ത് കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കടത്തുകാരന്റെ വിവരം ലഭിച്ചത്. പൊലീസെത്തിയത് മനസ്സിലാക്കിയ കടത്തുകാരൻ ടാക്സിയിൽ രക്ഷപ്പെട്ടു. പിന്നീട്, പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോൾ ട്രോളി ബാഗ് കാറിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി വിവിധയിടങ്ങളിൽ പരിശോധന നടക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe