കട്ടപ്പന: നഗരത്തിൽ വർക്ഷോപ്പിൽ മോഷണത്തിന് എത്തി പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തപ്പോൾ കൊലപാതകവുമായി ബന്ധപ്പെട്ടു സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണം ശക്തമാക്കി പൊലീസ്. കഴിഞ്ഞ ദിവസമാണ് മോഷണശ്രമത്തിനിടെ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കൽ രാജേഷ് (നിതീഷ്-31) എന്നിവർ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചതെന്നാണു വിവരം.
പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണു സൂചന. അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണു സൂചന ലഭിച്ചത്. പൊലീസ് ഇക്കാര്യം നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. പ്രതികളിൽ ഒരാൾ വാടകയ്ക്കു താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിലെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. മോഷണക്കേസിൽ പിടിയിലായ യുവാക്കളിൽ പരുക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലും മറ്റൊരാൾ റിമാൻഡിലുമാണ്. വീടു പരിശോധിച്ചപ്പോൾ ദുർമന്ത്രവാദത്തിന്റെയും ആഭിചാര ക്രിയകളുടെയും തെളിവുകൾ പൊലീസിനു ലഭിച്ചതായും വിവരമുണ്ട്. ഇതേത്തുടർന്ന് നരബലിയുമായി ബന്ധപ്പെട്ടും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
നേരത്തേ, നഗരത്തിൽ ഓക്സീലിയം സ്കൂൾ ജംക്ഷനു സമീപത്തെ വർക്ഷോപ്പിൽ പുലർച്ചെയാണ് യുവാക്കൾ മോഷണത്തിന് എത്തിയത്. യാത്ര കഴിഞ്ഞ് യാദൃശ്ചികമായി ഈ സമയം സ്ഥലത്തെത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ശബ്ദം കേട്ടാണ് വർക്ഷോപ്പിലേക്കു ചെന്നത്. ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിക്കുകയായിരുന്ന വിഷ്ണുവിനെ ഇവർ തടയാൻ ശ്രമിച്ചു. ഇവരെ ആക്രമിച്ച് മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് പ്രവീണിനു പരുക്കേറ്റു.
മറ്റുള്ളവരെ തള്ളിയിട്ട് മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണു വീണു കാലിനു പരുക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലേക്കു മാറ്റി. കാലിനു പൊട്ടലുള്ളതിനാൽ വിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ സഹായിയായി വർക്ഷോപ്പിനു പുറത്തുണ്ടായിരുന്ന രാജേഷ് സ്ഥലത്തുനിന്നു കടന്നുകളഞ്ഞെങ്കിലും ഡിവൈഎസ്പിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ഇയാളെയും പിടികൂടുകയായിരുന്നു.