തൃശൂർ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്ക്. തൃശൂർ ഗുരുവായൂരിലാണ് സംഭവം. ആരോവീട്ടിൽ കുട്ടപ്പൻ(70), ഭാര്യ അംബിക(65) എന്നിവർക്കാണ് പരിക്കേറ്റത്. കിടപ്പുരോഗികളാണ് ഇവർ. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
അപകടം നടക്കുമ്പോൾ കുട്ടപ്പനും ഭാര്യയും ഉറക്കത്തിലായിരുന്നു. പൊട്ടിത്തെറിച്ച ഫ്രിഡ്ജിൽ നിന്ന് വീടിനുള്ളിലേക്ക് തീ പടരുകയായിരുന്നു. മുറി മുഴുവൻ കനത്ത പുക നിറയുകയും ചെയ്തു. വീടിന്റെ ഭിത്തികൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ജനൽ ചില്ലുകളും തകർന്നു. ഫ്രിഡ്ജ് പൂർണമായും കത്തി നശിച്ച നിലയിലാണ്.
അഗ്നിരക്ഷാ സേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. പുക ശ്വസിച്ച് ശ്വാസതടസം നേരിട്ട ദമ്പതികളെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
