ഇന്ത്യയിൽ 159 പേർക്ക് കൂടി കോവിഡ്; ആക്റ്റീവ് കേസുകൾ 1,623

news image
Jan 27, 2024, 11:59 am GMT+0000 payyolionline.in

ന്യൂഡൽഹി: രാജ്യത്ത് 159 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,623 ഉയർന്നു. ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്ക് പ്രകാരം 24 മണിക്കൂറിൽ കേരളത്തിൽ ഒരു മരണം സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

ഡിസംബർ അഞ്ച് വരെ രാജ്യത്ത് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ എണ്ണം കുറഞ്ഞിരുന്നു. എന്നാൽ, പുതിയ കോവിഡ് വകഭേദത്തിന്‍റെ വരവും തണുത്ത കാലാവസ്ഥയും കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടാക്കി. ഡിസംബർ അഞ്ചിന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്ക് 841 ആണ്. സജീവ കേസുകളിൽ 92 ശതമാനവും ഹോം ഐസോലേഷനിൽ തന്നെ സുഖം പ്രാപിക്കുന്നുണ്ട്.

നിലവിലെ വിവരങ്ങൾ പ്രകാരം ജെ.എൻ 1 വകഭേദം പുതിയ കേസുകളിലോ, ആശുപത്രി കേസുകളിലോ, മരണ നിരക്കിലോ ഗണ്യമായ വർധനയുണ്ടാക്കുന്നില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ മൂന്ന് കോവിഡ് തരംഗങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. ഇതിൽ 2021 ഏപ്രിൽ മുതൽ ജൂൺ വരെയാണ് ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത്. 2021 മെയ് ഏഴിന് 4,14,188 കേസുകളും 3,915 മരണങ്ങളും ഉണ്ടായി.

2020ൽ കോവിഡ് വ്യാപനം ആരംഭിച്ചത് മുതൽ 4.5 കോടി ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. 5.3 ലക്ഷം പേർ മരിച്ചു. 4 കോടി പേർക്ക് (98.81 ശതമാനം) രോഗം ഭേദമായി. രാജ്യത്ത് 220.67 കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe