ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിനു പിന്നാലെ ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി വിമത നേതാവ് സ്വാതി മലിവാൾ രംഗത്തെത്തി. ആം ആദ്മി പാർട്ടി ഇൻഡ്യ സഖ്യത്തെ വഞ്ചിക്കുകയും ഹരിയാനയിൽ വോട്ടുകൾ ഭിന്നിപ്പിച്ച് കോൺഗ്രസിന്‍റെ വിജയത്തിന് തുരങ്കം വെച്ചെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി.
പ്രതിപക്ഷ സഖ്യത്തിന്‍റെ ഐക്യത്തെയാണ് ആം ആദ്മി പാർട്ടി വഞ്ചിച്ചത്. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ മാത്രമാണ് ആം ആദ്മി പാർട്ടി ഹരിയാനയിൽ മത്സരിച്ചത്. ഞാൻ ബി.ജെ.പി ഏജന്‍റ് ആണെന്നാണ് അവർ കുറ്റപ്പെടുത്തിയത്. ഇന്ന് അവർ തന്നെ ഇൻഡ്യ സഖ്യത്തെ ഒറ്റിക്കൊടുക്കുകയും കോൺഗ്രസിന്‍റെ വോട്ടുകൾ ഭിന്നിപ്പിക്കുകയും ചെയ്യുന്നു
ഹരിയാനയിൽ എക്സിറ്റ് പോളുകൾ തെറ്റിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ബി.ജെ.പി നടത്തിയത്. 90 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ ബി.ജെ.പി – 48, കോൺഗ്രസ് – 36, മറ്റുള്ളവർ -ആറ് എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസാണ് മുന്നിട്ടുനിന്നതെങ്കിൽ പിന്നീട് ബി.ജെ.പി തിരിച്ചുകയറുകയായിരുന്നു.