ഗസ്സ: അഭയാർഥിയെ പാർപ്പിച്ച കേന്ദ്രത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയെന്ന് ഹമാസ്. സംഘടനയുടെ സൈനിക വിഭാഗമായ അൽ-ക്വാസം ബ്രിഗേഡാണ് ആക്രമണം നടന്ന വിവരം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ ഹമാസ് മോചിപ്പിക്കാനിരുന്ന ബന്ദികളിലൊരാളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായെന്നാണ് ഹമാസ് അറിയിക്കുന്നത്.
അൽ ക്വാസം ബ്രിഗേഡിയറിന്റെ വക്താവായ അബു ഉബൈദയാണ് ഇക്കാര്യം പറഞ്ഞത്. ആദ്യഘട്ടത്തിൽ മോചിപ്പിക്കാനിരുന്ന ബന്ദിയെ താമസിപ്പിച്ച കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഹമാസ് തയാറായിട്ടില്ല.
അതേസമയം, ഹമാസുമായി കരാറിലെത്തിയെന്ന് അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെത്യനാഹു രംഗത്തെത്തിയിരുന്നു. കരാറിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ കഴിഞ്ഞ ദിവസം അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസുമായി കരാറിലെത്തിയെന്ന് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് വിളിച്ചുചേർത്ത് കരാറിന് അംഗീകാരം നൽകുമെന്നും നെതന്യാഹു അറിയിച്ചു. ഇസ്രായേലും ഹമാസും കരാറിലെത്തിയതോടെ ഗസ്സയിലെ യുദ്ധം അവസാനിക്കുന്നതിനും ബന്ദിമോചനത്തിനും അത് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
മാസങ്ങൾ നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവിൽ ഗസ്സയിലെ വെടിനിർത്തലും ബന്ദിമോചനവും ഉറപ്പു നൽകുന്ന സമാധാന കരാർ പ്രാബല്യത്തിൽ വന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അവസാനത്തെ രണ്ടാഴ്ചയിൽ അമേരിക്കയുടെയും ഖത്തറിയും മധ്യസ്ഥയിൽ നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിർത്തൽ കരാറിലെത്തിച്ചത്. ജനുവരി 19 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.