താമരശ്ശേരി: നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി താമരശ്ശേരിയിൽ യുവതിയെ രണ്ടു പേർ ചേർന്ന് നിരവധി തവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പരാതിയിൽ അടിവാരം – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവർ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ കെ.കെ.അനീഷ്(കുട്ടൻ – 38), ക്ലീനർ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ പി.എസ്.സജിത്ത് (അക്കു – 24) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് പീഡനത്തിന് ഇരയായെന്ന പരാതി നൽകിയത്.
ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് ഏപ്രിലിൽ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടെയാണ് ആദ്യമായി യുവതി പീഡനത്തിന് ഇരയായത് എന്നാണ് പരാതി. ബന്ധുവിന്റെ പരിചയക്കാരായ ഇരുവരും റോഡരികിൽ വച്ച് എന്തോ നൽകി മയക്കിയ ശേഷം കാറിൽ കയറ്റിക്കൊണ്ടു പോയി ഒരു ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
തുടർന്ന് വിഡിയോയും നഗ്ന ഫോട്ടോയും പകർത്തിയ ശേഷം അത് പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ബസിൽ കയറ്റിക്കൊണ്ടു പോയി അടിവാരത്തെ ഒറ്റപ്പെട്ട ഇടങ്ങളിലും ഒന്നാം വളവിനു സമീപത്തെ ഒറ്റപ്പെട്ട ഇടത്തും ബസ് നിർത്തിയിട്ട ശേഷം ഷട്ടർ താഴ്ത്തിയിട്ട് ഇരുവരും പല ദിവസങ്ങളിൽ ബലാത്സംഗം ചെയ്തതായാണ് മൊഴി. ഇവരെ കൂടാതെ കണ്ടാലറിയാവുന്ന മറ്റു ചിലരും പീഡിപ്പിച്ചെന്നും മൊഴിയിൽ പറയുന്നു.
മാനസിക പീഡനം സഹിക്കാനാകാതെ കൊടുവള്ളി പൊലീസിലും തുടർന്ന് കാക്കൂർ പൊലീസിലുമാണ് യുവതി പരാതി നൽകിയത്. യുവതിയുടെ മൊഴി പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. താമരശ്ശേരി ഡിവൈഎസ്പി കെ.എ.ബോസ് ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
